മുംബൈ: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നാവ് ചുടണമെന്ന വിവാദ പരാമർശം നടത്തിയ ബി.ജെ.പി രാജ്യസഭ എം.പിക്കെതിരെ കേസെടുത്തു. കലാപത്തിന് പ്രേരിപ്പിച്ചു എന്ന കുറ്റം ചുമത്തിയാണ് എം.പി അനിൽ ബോണ്ടെക്കെതിരെ അമരാവതിയിലെ രാജപേട്ട് പൊലീസ് കേസെടുത്തത്.
രാഹുലിന്‍റെ നാവ് ചുടണമെന്നും സംവരണവുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ പരാമർശം അപകടകരമാണെന്നും ഭൂരിപക്ഷ സമുദായത്തിന്‍റെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നും ബോണ്ടെ പറഞ്ഞിരുന്നു. വിവാദ പരാമർശത്തിൽ എം.പിക്കെതിരെ നടപടി ആവശ്യപ്പെട്ട് അമരാവതി എം.പി ബൽവന്ത് വാംഖണ്ഡെ, എം.എൽ.എ യശോമതി ഠാക്കൂർ, മുൻ മന്ത്രി സുനിൽ ദേശ്മുഖ് ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ സിറ്റി പൊലീസ് കമീഷണറുടെ ഓഫിസിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. നേരത്തെ,
രാഹുലിന്‍റെ നാവ് അരിഞ്ഞെടുക്കുന്നവർക്ക് ശിവസേന എം.എൽ.എ സഞ്ജയ് ഗെയ്ക്ക്‌വാദ് 11 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചതും വൻ വിവാദമായിരുന്നു.
‘രാഹുലിന്‍റെ നാവ് അരിയണമെന്ന പരാമർശം ശരിയല്ല. എന്നാൽ സംവരണത്തിനെതിരെ രാഹുൽ പറഞ്ഞത് അപകടകരമാണ്. വിദേശരാജ്യത്ത് പോയി ആരെങ്കിലും അബദ്ധം പറഞ്ഞാൽ, അദ്ദേഹത്തിന്‍റെ നാവ് അരിയുന്നതിനു പകരം, ചുടുകയാണ് വേണ്ടത്. അത് രാഹുൽ ഗാന്ധിയോ, ജ്ഞാനേഷ് മഹാറാവുവോ, ശ്യാം മാനവോ, ഭൂരിപക്ഷങ്ങളുടെ വികാരം വ്രണപ്പെടുത്തുന്ന ആരുമാകട്ടെ, അവരുടെ നാവ് ചുടുകയാണ് വേണ്ടത്’ - രാഹുലിനെതിരെ ശിവസേന എം.എൽ.എ നടത്തിയ പരാമർശത്തോട് പ്രതികരിക്കവെ ബോണ്ടെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
എഴുത്തുകാരനായ മഹാറാവു അടുത്തിടെ ഹിന്ദു ദൈവങ്ങളെ അവഹേളിക്കുന്ന തരത്തിൽ പരാമർശം നടത്തിയെന്ന് ആരോപിച്ച് ഹിന്ദുത്വ ശക്തികൾ രംഗത്തുവന്നിരുന്നു. മാനവ് അന്ധവിശ്വാസങ്ങൾക്കെതിരെ പോരാടുന്നയാളാണ്. യു.എസ് സന്ദർശനത്തിനിടെ ഇന്ത്യയിലെ സംവരണ സമ്പ്രദായം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന തരത്തിൽ രാഹുൽ പരാമർശം നടത്തിയെന്ന ആരോപണവുമായി ബി.ജെ.പി ഉൾപ്പെടെയുള്ളവർ രംഗത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.