ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപറേഷനിലെ മേയർ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് തിരിച്ചടി. ലഫ്റ്റനന്‍റ് ഗവർണർ നാമനിർദേശം ചെയ്ത അംഗങ്ങൾക്ക് വോട്ട് ചെയ്യാൻ അനുമതിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. 24 മണിക്കൂറിനകം മേയറെ തെരഞ്ഞെടുക്കാനുള്ള പുതിയ തീയതി തീരുമാനിക്കണമെന്നും കോടതി ഉത്തരവിട്ടു. ആം ആദ്മി പാർട്ടി നേതാവ് ഷെല്ലി ഒബ്റോയ് സമർപ്പിച്ച ഹരജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്, ജസ്റ്റിസുമാരായ പി.എസ് നരസിംഹ, ജസ്റ്റിസ് ജെ.ബി പർദിവാല എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്‍റേതാണ് ഉത്തരവ്.
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 243 ആർ, ഡൽഹി മുനിസിപ്പൽ കോർപറേഷൻ ആക്ട് (1957) ലെ സെക്ഷൻ 3(3) പ്രകാരം നാമനിർദേശം ചെയ്ത അംഗങ്ങൾക്ക് വോട്ടവകാശമില്ല. സെക്ഷൻ 3(3)(ബി)(1) പ്രകാരം നാമനിർദേശം ചെയ്ത അംഗങ്ങൾ വോട്ടവകാശം വിനിയോഗിക്കുന്നതിനുള്ള നിരോധനം മേയറെയും ഡെപ്യൂട്ടി മേയറെയും തെരഞ്ഞെടുക്കുന്ന ആദ്യ യോഗത്തിന് ബാധകമായിരിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ഡൽഹി മുൻസിപ്പൽ കോർപറേഷനിലെ പുതിയ മേയറുടെ തെരഞ്ഞെടുപ്പ് ബി.ജെ.പി-ആം ആദ്മി തർക്കത്തെ തുടർന്ന് മൂന്നു തവണയാണ് മാറ്റിവെച്ചത്. ലഫ്റ്റനന്റ് ഗവർണർ നാമനിർദേശം ചെയ്ത 10 അംഗങ്ങളുടെ വോട്ടവകാശം സംബന്ധിച്ച തർക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്.
ജനുവരി ആറിന് തെരഞ്ഞെടുപ്പിൽ ജയിച്ച കൗൺസിലർമാരുടെ സത്യപ്രതിജ്ഞക്ക് മുമ്പെ ലഫ്റ്റനന്റ് ഗവർണർ തലേന്ന് നാമനിർദേശം ചെയ്ത ബി.ജെ.പിക്കാരായ കൗൺസിലർമാരെ സത്യപ്രതിജ്ഞക്ക് വിളിച്ചതോടെയാണ് ഇരുവിഭാഗവും ഏറ്റുമുട്ടിയത്. ഏറ്റുമുട്ടലിൽ ഇരുപക്ഷത്തെ നിരവധി അംഗങ്ങൾക്ക് പരിക്കേറ്റിരുന്നു. കൂടാതെ, സത്യപ്രതിജ്ഞക്ക് ഏറ്റവും മുതിർന്ന കൗൺസിലറെ താൽകാലിക സ്പീക്കറാക്കുക എന്ന കീഴ് വഴക്കം തെറ്റിച്ച് ബി.ജെ.പി കൗൺസിലറെ ലഫ്റ്റനന്റ് ഗവർണർ ആ സ്ഥാനത്ത് നിയോഗിച്ചതും പ്രശ്നങ്ങൾക്ക് കാരണമായി.
മുൻസിപ്പൽ കോർപറേഷൻ ആക്ട് പ്രകാരം നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങൾക്ക് കൗൺസിൽ യോഗങ്ങളിൽ വോട്ടധികാരമില്ല. എന്നാൽ, വോട്ട് ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി അംഗങ്ങൾ കൗൺസിൽ യോഗത്തിൽ ബഹളം വെച്ചു. തുടർച്ചയായി മേയർ തെരഞ്ഞെടുപ്പ് ബി.ജെ.പി തടസപ്പെടുത്തുന്ന സാഹചര്യത്തിൽ എ.എ.പി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ബി.ജെ.പിയെ സഹായിക്കുന്ന തെരഞ്ഞെടുപ്പ് ചട്ടങ്ങളിൽ മാറ്റം വരുത്തണമെന്നാണ് എ.എ.പിയുടെ ആവശ്യം.
250 വാർഡുകളിലേക്ക് നടന്ന ഡൽഹി മുനിസിപ്പൽ കൗൺസിലിൽ 134 സീറ്റുകളിൽ ജയിച്ചാണ് എ.എ.പി ഭരണം പിടിച്ചത്. ബി.ജെ.പിക്ക് 104 കൗൺസിലർമാരാണുള്ളത്. എ.എ.പി ജയിച്ചാലും തങ്ങൾ മേയർസ്ഥാനം പിടിച്ചെടുക്കുമെന്ന് ബി.ജെ.പി അവകാശവാദം ഉന്നയിച്ചിരുന്നു. മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്നില്ലെന്ന് പിന്നീട് പറഞ്ഞ ബി.ജെ.പി അവസാന മണിക്കൂറിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കുകയായിരുന്നു.
തെരഞ്ഞെടുക്കപ്പെട്ട 250 കൗൺസിലർമാർക്ക് പുറമെ നാമനിർദേശം ചെയ്യപ്പെട്ട കൗൺസിലർമാർക്കും ഡൽഹിയിലെ ഏഴ് ബി.ജെ.പി ലോക്സഭ എം.പിമാർക്കും മൂന്ന് എ.എ.പി രാജ്യസഭ എം.പിമാർക്കും ഡൽഹി നിയമസഭയിലെ നാമനിർദേശം ചെയ്യപ്പെട്ട 14 എം.എൽ.എമാർക്കും മേയർ തെരഞ്ഞെടുപ്പിൽ വോട്ടുണ്ട്. ഒമ്പത് കൗൺസിലർമാരുള്ള കോൺഗ്രസ് മേയർ തെരഞ്ഞെടുപ്പിൽ ഇരുഭാഗത്തും ചേരാതെ വിട്ടുനിൽക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.