മസാജ് ചെയ്യാൻ സൗകര്യം, ദിവസവും വീട്ടിലുണ്ടാക്കിയ ഭക്ഷണം, സന്ദർശകരായി ഉന്നതർ... ശിക്ഷയനുഭവിക്കുന്ന എ.എ.പി മന്ത്രിക്ക് ജയിലിൽ ആഡംബര സൗകര്യങ്ങളെന്ന് ഇ.ഡി

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ശിക്ഷയനുഭവിക്കുന്ന ആം ആദ്മി പാർട്ടി നേതാവും ഡൽഹി മന്ത്രിയുമായ സത്യേന്ദർ ജയിന് ജയിലിൽ ആഡംബര സൗകര്യങ്ങൾ ലഭിക്കുന്നുണ്ടെന്നാരോപിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡൽഹി കോടതിയിൽ സത്യവാങ്മൂലം നൽകി. ജെയിൻ കേസിൽ അറസ്റ്റിലായ മറ്റുള്ളവരുമായി പതിവായി കൂടിക്കാഴ്ച നടത്തുന്നുണ്ടെന്നും ഇ.ഡി ആരോപിച്ചു. ഇക്കഴിഞ്ഞ മേയിലാണ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എ.എ.പി നേതാവിനെ അറസ്റ്റ് ചെയ്തത്.

തിഹാർ ജയിലിൽ മസാജ് ചെയ്യുന്നതടക്കമുള്ള സൗകര്യങ്ങൾ ജെയിനിന് ലഭിക്കുന്നുണ്ടെന്നാണ് ഇ.ഡിയുടെ ആരോപണം. ജയിൽ വകുപ്പിന്റെ കൂടി ചുമതലയുണ്ടായിരുന്ന മന്ത്രി അവസരം മുതലെടുക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയ ഇ.ഡി ജയിലിലെ സി.സി.ടി.വി ദൃശ്യങ്ങൾ സഹിതമാണ് സത്യവാങ്മൂലം നൽകിയത്.

നിയമം ലംഘിച്ച് ജയിൽ സൂപ്രണ്ട് എല്ലാ ദിവസവും സത്യേന്ദർ ജെയിനെ കാണാനെത്തുന്നതും ദൃശ്യങ്ങളിലുണ്ടെന്ന് ഇ.ഡി പറഞ്ഞു. ജയിലിൽ ജെയിന് ലഭിക്കുന്നത് വീട്ടിലുണ്ടാക്കിയ ഭക്ഷണമാണെന്നും ആരോപണമുണ്ട്. അതുകൂടാതെ ജെയിനിന്റെ ഭാര്യയും സെല്ലിൽ ഇദ്ദേഹത്തെ കാണാൻ എത്താറുണ്ടത്രെ. തിഹാർ ജയിലിൽ കഴിയുന്ന അങ്കുഷ് ജെയിൻ, വൈഭവ് ജെയിൻ എന്നിവരുമായും ഇദ്ദേഹം സന്ധിക്കാറുണ്ട്.

ജെയിൻ കഴിയുന്ന മുറിയിലെ സി.സി.ടി.വി ദൃശ്യങ്ങൾ ഇ.ഡി ആവശ്യപ്പെട്ടിരുന്നതായി തിഹാർ ജയിൽ അധികൃതർ പറഞ്ഞു. പുറത്തുനിന്നുള്ള ആരും ജെയിന്റെ സെല്ലിലെത്തിയിട്ടില്ലെന്നാണ് ജയിൽ അധികൃതർ ആവർത്തിക്കുന്നത്. അതേസമയം, എല്ലാ ദിവസവും രാവിലെ തടവുകാർ തമ്മിൽ സംസാരിക്കാനായി സൗകര്യം ഒരുക്കാറുണ്ട്. ഇങ്ങനെ ജെയിൻ മറ്റ് തടവുകാരുമായി സംസാരിച്ചിട്ടുണ്ട്. ഇത് നിയമലംഘനമല്ലെന്നും ജയിൽ അധികൃർ പറയുന്നു. ജെയിൻ ഒരു തരത്തിലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും ഉപയോഗിക്കുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി.

Tags:    
News Summary - Delhi minister getting massage in jail, meeting co accused says ED

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.