ന്യൂഡൽഹി: ഡൽഹി കേന്റാൺമെന്റിന് സമീപം ശ്മശാനത്തിൽ ഒമ്പതുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ഡൽഹി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ശ്മശാനത്തിലെ മുഖ്യപുരോഹിതൻ ഉൾപ്പെടെ നാലുപേർക്കെതിരെയാണ് ശനിയാഴ്ച ഡൽഹി കോടതിയിൽ െപാലീസ് കുറ്റപത്രം സമർപ്പിച്ചത്.
55കാരനായ പുരോഹിതൻ രാധേ ശ്യാം, തൊഴിലാളികളായ കുൽദീപ് സിങ്, സലിം അഹമദ്, ലക്ഷ്മി നാരായൺ എന്നിവർക്കെതിരെയാണ് 400 പേജ് വരുന്ന കുറ്റപത്രം. ഇവർക്കെതിരെ മതിയായ തെളിവുകളുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു.
കൊലപാതകം, കൂട്ടബലാത്സംഗം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളും പോക്സോ, എസ്.സി/എസ്.ടി നിയങ്ങളിലെ വിവിധ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. പ്രതികൾ നാലുപേരും ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ആഗസ്റ്റ് അഞ്ചിന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു.
ആഗസ്റ്റ് ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം. ഒമ്പത് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബലമായി സംസ്കരിക്കുകയായിരുന്നു. ഡൽഹി കേന്റാൺമെന്റ് പ്രദേശത്തെ ശ്മശാനത്തോട് ചേർന്നുള്ള പുരാന നംഗലിലെ നിർധന കുടുംബത്തിലെ അംഗമാണ് മരിച്ച കുട്ടി. ശ്മശാനത്തിലെ കൂളറിൽ നിന്ന് വെള്ളം കുടിക്കാനായി പോയ കുട്ടി പിന്നീട് മടങ്ങി വന്നില്ല.
ശ്മശാനത്തിലെ പുരോഹിതനായ രാധേശ്യാമിന്‍റെ ചില അടുപ്പക്കാർ വൈകീട്ട് ആറ് മണിക്ക് കുട്ടിയുടെ മാതാവിനെ ശ്മശാനത്തിലേക്ക് വിളിപ്പിച്ച് മൃതദേഹം കാണിച്ചുകൊടുക്കുകയായിരുന്നു. കൂളറിൽ നിന്ന് വെള്ളം കുടിക്കുന്നതിനിടെ കുട്ടിക്ക് ഷോക്കടിക്കുകയായിരുന്നുവെന്നാണ് അവർ പറഞ്ഞത്. കുട്ടിയുടെ കൈത്തണ്ടയിലും മുട്ടിലും പൊള്ളലേറ്റ പാടുകളുണ്ടായിരുന്നുവെന്നും ചുണ്ട് നീല നിറമായി മാറിയിരുന്നതായും കുട്ടിയുടെ അമ്മ പറഞ്ഞു.
പൊലീസിനെ വിവരമറിയിച്ചാൽ അവർ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുമെന്നും അവയവങ്ങൾ മോഷണം പോകുമെന്നും പുരോഹിതൻ അമ്മയോട് പറഞ്ഞു. ഉടനെ മൃതദേഹം സംസ്കരിക്കണമെന്നും അവരോട് ആവശ്യപ്പെടുകയായിരുന്നു.
തങ്ങളുടെ സമ്മതമില്ലാതെ മകളുടെ മൃതദേഹം സംസ്കരിച്ചുവെന്ന് മാതാപിതാക്കൾ പറഞ്ഞതോടെയാണ് അയൽക്കാർ വിവരമറിഞ്ഞത്. ഇതോടെ ശ്മശാനത്തിന് സമീപം നാട്ടുകാർ ഒത്തുകൂടുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. സംഭവത്തിൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രതിഷധം ശക്തമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.