ന്യൂഡൽഹി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരത്തിൽ വരികയാണെങ്കിൽ ‘പ്യാരിദീദി’ യോജനയിലൂടെ സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ നൽകുമെന്ന് കോൺഗ്രസിന്റെ വാഗ്ദാനം. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറാണ് പദ്ധതി പ്രഖ്യാപിച്ചത്. കർണാടകയിൽ തങ്ങൾ നടപ്പാക്കി.തിനു സമാനമായ പദ്ധതിയാണിതെന്നും ഡൽഹിയിൽ വിജയം ഉറപ്പാണെന്നും .കെ. ശിവകുമാർ പറഞ്ഞു. ഡൽഹി കോൺഗ്രസ് അധ്യക്ഷൻ ദേവേന്ദർ യാദവ്, തെരഞ്ഞെടുപ്പ് ചുമതലയുള്ള ഖാസി നിസാമുദ്ദീൻ ഉൾപ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം.
നേരത്തെ ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജ്രിവാളും സമാന പ്രഖ്യാപനവുമായി രംഗത്തുവന്നിരുന്നു. നിലവിൽ സംസ്ഥാനത്ത് നടപ്പാക്കി വരുന്ന മുഖ്യമന്ത്രി മഹിള സമ്മാൻ യോജനയുടെ തുക 1000 രൂപയിൽനിന്ന് 2100 രൂപയായി ഉയർത്തുമെന്നായിരുന്നു പ്രഖ്യാപനം. 18 വയസ് കഴിഞ്ഞ എല്ലാ സ്ത്രീകൾക്കും ധനസഹായം ലഭ്യമാക്കുമെന്നായിരുന്നു പ്രഖ്യാപനം. 22 ലക്ഷത്തോളം ഗുണഭോക്താക്കളുണ്ടാകുമെന്നാണ് എ.എ.പി കണക്കാക്കുന്നത്.
നിലവിൽ ഡൽഹി ഭരിക്കുന്ന എ.എ.പി, ഗാർഹികാവശ്യത്തിന് 200 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായി നൽകുന്നുണ്ട്. 201 മുതൽ 400 യൂണിറ്റ് വരെ 50 ശതമാനം സബ്സിഡിയിലാണ് നൽകുന്നത്. 20 കിലോ ലിറ്റർ വരെ സൗജന്യ കുടിവെള്ളവും ലഭ്യമാക്കുന്നുണ്ട്. സർക്കാർ കാലാവധി പൂർത്തിയാക്കാനിരിക്കെ, ഫെബ്രുവരിയിലാകും സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുക. 70ൽ 47 മണ്ഡലങ്ങളിലാണ് കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. എ.എ.പി എല്ലാ മണ്ഡലങ്ങളിലും സ്ഥാനാർഥി പ്രഖ്യാപനം പൂർത്തിയാക്കിയപ്പോൾ, ബി.ജെ.പിയും ആദ്യ പട്ടിക പുറത്തുവിട്ടിട്ടുണ്ട്. ന്യൂഡൽഹി മണ്ഡലത്തിൽ കെജ്രിവാളിനെതിരെ പർവേശ് വർമയെയാണ് ബി.ജെ.പി കളത്തിലിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.