എച്ച്.എം.പി വൈറസിന്റെ സ്ഥിരീകരണം; ഇന്ത്യയിലെ ആദ്യത്തെ കേസുകൾ എന്ന് വിശേഷിപ്പിച്ചതിനെതിരെ കർണാടക ആരോഗ്യമന്ത്രി

ബംഗളൂരു: എച്ച്.എം.പി.വിയുടെ രണ്ടു കേസുകൾ കർണാടകയിൽ സ്ഥിരീകരിച്ചതിനു പിന്നാലെ ഇത് ഒരു പുതിയ വൈറസല്ലെന്നും ഇവ രണ്ടും ഇന്ത്യയിലെ ആദ്യത്തെ കേസുകൾ എന്ന് വിളിക്കുന്നത് തെറ്റാണെന്നും കർണാടക ആരോഗ്യമന്ത്രി. ‘കർണാടക പാനിക് ബട്ടൺ അമർത്തണമെന്ന് കരുതുന്നില്ല. കാരണം എച്ച്.എം.പി.വി പുതിയ വൈറസല്ല, ഇത് നിലവിലുള്ള വൈറസാണ്’-ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു പറഞ്ഞു. 

ഇന്ത്യയിലെ ആദ്യത്തെ കേസാണ് ഇത് എന്ന നിലയിൽ റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഇത് ശരിയല്ല. ഒരു നിശ്ചിത ശതമാനം ആളുകൾക്ക് ഈ വൈറസ് ബാധിച്ചിട്ടുണ്ട്. രോഗം ബാധിച്ച കുട്ടിക്ക് ഇന്ത്യക്കു പുറത്തുള്ള യാത്രാ ചരിത്രമില്ല. അവർ ഈ നാട്ടുകാരാണ് -ഗുണ്ടു റാവു പറഞ്ഞു. ഇന്ത്യാ സർക്കാർ ഇതുവരെ ഞങ്ങൾക്ക് മുഴുവൻ വിശദാംശങ്ങളും നൽകിയിട്ടില്ല. ഒരുപക്ഷെ അവരും കൂടുതൽ വിവരങ്ങൾ അറിയാൻ ശ്രമിക്കുന്നുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.

തിരിച്ചറിഞ്ഞ കേസുകളിൽ ബംഗളൂരുവിലെ എട്ടു മാസം പ്രായമുള്ള ശിശുവുമുണ്ട്. ബ്രോങ്കോ ന്യൂമോണിയ ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞ് സുഖം പ്രാപിച്ചുവരികയാണ്. വൈറസ് ബാധ തിരിച്ചറിഞ്ഞ മ​റ്റൊരു കുഞ്ഞിനും അന്താരാഷ്ട്ര യാത്രയുടെ ചരിത്രമില്ലെന്ന് ഐ.സി.എം.ആർ പറഞ്ഞു. രാജ്യത്തുടനീളമുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ നിരീക്ഷിക്കുന്നതിനുള്ള ഐ.സി.എം.ആർ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായ പതിവ് നിരീക്ഷണത്തിലൂടെയാണ് രണ്ട് കേസുകളും തിരിച്ചറിഞ്ഞതെന്നും അവർ പ്രസ്താവനയിൽ പറഞ്ഞു. ലഭ്യമായ എല്ലാ നിരീക്ഷണ ചാനലുകളിലൂടെയും കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും അറിയിച്ചു.

Tags:    
News Summary - Karnataka detects two HMPV patients, health minister says wrong to call them first Indian cases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.