ന്യൂഡൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പോരാടുന്ന കർഷകരെ പിന്തുണച്ച് ട്വീറ്റിട്ട സാമൂഹ്യപ്രവർത്തകക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തു. യോഗിത ഭയാനയെന്ന സാമൂഹ്യ പ്രവർത്തകക്കെതിരെയാണ് പൊലീസ് കേസെടുക്കുകയും ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകുകയും ചെയ്തത്.
റിപ്പബ്ലിക് ദിനത്തിലുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് യോഗിത ഭയാന കർഷകരെ പിന്തുണച്ചതാണ് കേസിനാധാരം. ഇന്ത്യൻ പീനൽ കോഡിലെ 153 (കലാപമുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ പ്രകോപനം സൃഷ്ടിക്കൽ), 153 എ(വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ), 505(1)(ബി) -(രാഷ്ട്രത്തിനെതിരെയോ ജനങ്ങളുടെ സമാധന ജീവിതത്തിനെതിരെയോ കുറ്റം ചെയ്യാൻ പ്രേരിപ്പിക്കുംവിധം പ്രസ്താവനകളോ ഊഹാപോഹമോ പ്രചരിപ്പിക്കുക) എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തിയാണ് യോഗിത ഭയാനക്കെതിരെ കേസെടുത്തത്.
യോഗിത അവരുടെ ട്വി റ്റർ അക്കൗണ്ടിൽ നിന്ന് രണ്ട് വ്യാജ പോസ്റ്റുകൾ അപ്ലോഡ് ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തിയതായും പ്രസ്തുത പോസ്റ്റുകൾക്ക് ആധാരമായ വിവരങ്ങൾ എവിടെ നിന്ന് ലഭിച്ചെന്നും പോസ്റ്റ് ചെയ്യാനുള്ള കാരണമെന്തൊണെന്നും അറിയിക്കണമെന്നും പൊലീസ് നൽകിയ നോട്ടീസിൽ പറയുന്നു. കേസന്വേഷണത്തിനായി യോഗിതയെ ലഭ്യമാവുന്ന സമയവും സ്ഥലവും നോട്ടീസ് കൈപ്പറ്റി രണ്ട് ദിവസത്തിനകം അറിയിക്കാനും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഡൽഹി പൊലീസ് തെൻറ ശബ്ദത്തെ അടിച്ചമർത്തുകയാണെന്ന് ഭയാന പ്രതികരിച്ചു. ''ഡൽഹി പൊലീസ് എനിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുകയാണ്. പ്രതിഷേധിക്കുന്ന കർഷകരെ പിന്തുണച്ചതാണ് ഞാൻ ചെയ്ത കുറ്റം.ഡൽഹി പൊലീസിന എെൻറ ശബ്ദത്തെ അടിച്ചമർത്തുകയാണ് വേണ്ടത്. ''- ഹിന്ദിയിലിട്ട ട്വീറ്റിൽ ഭയാന അഭിപ്രായപ്പെട്ടു.
''ഡൽഹി പൊലീസ് ദുർഭരണം നടത്തുന്നതായാണ് എനിക്ക് തോന്നുന്നത്. എന്താണോ നമ്മൾ അവരിൽ നിന്ന് പ്രതീക്ഷിക്കുന്നത്, അതിനെതിരായാണ് അവർ ചെയ്യുന്നത്. ഞാൻ കർഷകർക്കൊപ്പമാണ്. എനിക്കറിയാം ഞാൻ സത്യത്തിനു വേണ്ടിയാണ് പോരാടുന്നതെന്ന്.'' -മറ്റാരു ട്വീറ്റിൽ അവർ വ്യക്തമാക്കി.
ഡൽഹിയിൽ റിപ്പബ്ലിക് ദിനത്തിൽ നടന്ന കർഷകരുടെ ട്രാക്ടർ റാലിക്കിടെ കർഷകൻ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതായി ആരോപിച്ച് കഴിഞ്ഞ മാസം 30ന് കോൺഗ്രസ് എം.പി ശശി തരൂർ, ദി കാരവൻ മാഗസിൻ, മുതിർന്ന മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായ് എന്നിവർക്കെതിരെയും ഡൽഹി പൊലീസ് കേസെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.