കർഷക പ്രതിഷേധത്തിന്​​ ഐക്യദാർഢ്യം പ്രഖ്യാപിച്ച ഗ്രെറ്റ തുൻബർഗിനെതിരെ ഡൽഹി പൊലീസ്​ കേസെടുത്തു

ഡൽഹി: ഇന്ത്യയിലെ കർഷക പ്രക്ഷോഭത്തിന് പിന്തുണ അറിയിച്ച്​ ട്വീറ്റിട്ട സ്വീഡിഷ്​ കൗമാര കാലാവസ്ഥ പ്രവർത്തക ഗ്രെറ്റ തുൻബർഗിനെതിരെ ഡൽഹി പൊലീസ്​ കേസെടുത്തു. ചൊവ്വാഴ്​ച രാത്രിയാണ്​ ഗ്രെറ്റ ആദ്യ ട്വീറ്റ്​ ചെയ്​തത്​. 'ഇന്ത്യയിലെ കർഷക പ്രക്ഷോഭത്തിന്​ ഞങ്ങൾ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു'എന്നായിരുന്നു ട്വീറ്റ്​​. കർഷക പ്രതിഷേധത്തെ കുറിച്ചും ഡൽഹി അതിർത്തികളിൽ ഇൻറർനെറ്റ്​ ബന്ധം വിച്ഛേദിക്കപ്പെട്ടതിനെ കുറിച്ചും വിവരിക്കുന്ന​ സി.എൻ.എന്നിൽ വന്ന ലേഖനവും പങ്കു വെച്ചിരുന്നു.

പോപ്​ ഗായിക റിഹാന കർഷകരെ പിന്തുണച്ച്​​ രംഗത്ത്​ വന്നതിന്​ പിന്നാലെയാണ്​ ഗ്രെറ്റയും ഐക്യദാർഢ്യം പ്രകടിപ്പിച്ചത്​. വൈകാതെ കർഷക പ്രതിഷേധത്തെ പിന്തുണക്കാൻ സഹായകരമായ തരത്തിൽ പുതുക്കിയ ടൂൾ കിറ്റും ഗ്രെറ്റ​ അവതരിപ്പിച്ചു. സമരത്തിന് ആഗോളതലത്തില്‍ ആളുകള്‍ക്ക് എങ്ങനെയെല്ലാം പിന്തുണയേകാമെന്നും പ്രതിഷേധിക്കാമെന്നും വീശദീകരിക്കുന്നതാണ്​ ടൂള്‍കിറ്റ് രേഖ​.

എന്തുകൊണ്ടാണ്​ നമ്മൾ ഇതിനെക്കുറിച്ച്​ സംസാരിക്കാത്തതെന്ന്​ ചോദിച്ചായിരുന്നു കർഷക സമരത്തെ കുറിച്ചുള്ള വാർത്ത പങ്കുവെച്ചുകൊണ്ട്​ പോപ്​ ഗായിക റിഹാന കർഷകർക്ക്​ പിന്തുണ അറിയിച്ചത്​.

കർഷകരെ പിന്തുണച്ച്​ ട്വീറ്റിട്ട യോഗിത ഭയാനയെന്ന സാമൂഹികപ്രവർത്തകക്കെതിരെയും ഡൽഹി പൊലീസ്​ കേസെടുക്കുകയും ചോദ്യം ചെയ്യലിന്​ ഹാജരാവാൻ ആവശ്യപ്പെട്ട്​ നോട്ടീസ്​ നൽകുകയും ചെയ്​തിരുന്നു​. കൂടാതെ ഡൽഹിയിൽ റിപ്പബ്ലിക്​ ദിനത്തിൽ നടന്ന കർഷകരുടെ ട്രാക്​ടർ റാലിക്കിടെ കർഷകൻ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതായി ആരോപിച്ച്​​ കഴിഞ്ഞ മാസം 30ന്​ കോൺഗ്രസ്​ എം.പി ശശി തരൂർ, ദി കാരവൻ മാഗസിൻ, മുതിർന്ന മാധ്യമപ്രവർത്തകൻ രാജ്​ദീപ്​ സർദേശായ്​ എന്നിവർക്കെതിരെയും ഡൽഹി പൊലീസ്​ കേസെടു​ത്തിരുന്നു. ഇവർ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.