ന്യൂഡൽഹി: കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരിൽ ദേശീയത വളർത്താൻ ലക്ഷ്യമിട്ട് ഡൽഹി പൊലീസ്. ഡൽഹിയിലെ സിംഘു അതിർത്തിയിൽ ഉച്ചഭാഷണിയിൽ ദേശഭക്തിഗാനങ്ങൾ വെച്ചാണ് പൊലീസിന്‍റെ നീക്കം. പൊലീസിന്‍റെ ദേശഭക്തിഗാനം വെച്ചശേഷമുള്ള വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. അതിൽ ബോളിവുഡ് സിനിമ ബോർഡറിലെ 'സന്ദേശ്സെ ആേത ഹേൻ' പാട്ട് ഉച്ചത്തിൽ കേൾക്കാം. സ്ഥലത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരിക്കുന്നതും വിഡിയോയിൽ കാണാം.
അതേസമയം പൊലീസിന്‍റെ നടപടിക്കെതിരെ കർഷക സംഘടനകൾ രംഗത്തെത്തി. കേന്ദ്രസർക്കാറുമായി അടുത്തവട്ട ചർച്ചക്ക് തയാറാകണമെങ്കിൽ പ്രദേശത്ത് പൊലീസ് ഉച്ചഭാഷണിയിൽ പാട്ട് വെക്കുന്നത് നിർത്തണമെന്ന് കിസാൻ മസ്ദൂർ സംഘർഷ് സമിതി ആവശ്യപ്പെട്ടു. കൂടാതെ റിപബ്ലിക് ദിനത്തിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തവരെ ഡൽഹി െപാലീസ് വിട്ടയക്കണമെന്നും പ്രദേശത്തെ കുടിവെള്ളം, ശുചിമുറി, ഇന്‍റർനെറ്റ് സേവനങ്ങൾ തുടങ്ങിയവ പുനരാരംഭിക്കണമെന്നും അവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
അതിർത്തിയിൽ കർഷകരെ നേരിടാൻ യുദ്ധസമാനമായ അന്തരീക്ഷമാണ് ഡൽഹി പൊലീസ് ഒരുക്കിയിരിക്കുന്നത്. ലാത്തിക്ക് പകരം വാളും പരിചയും പോലെയുള്ള ആയുധങ്ങളുമായി പൊലീസ് അതിർത്തിയിൽ തമ്പടിച്ചിരിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ട്രാക്ടറുകൾ ഡൽഹി അതിർത്തിയിലേക്ക് എത്തുന്നത് തടയാൻ പാതകളിൽ നീളൻ ആണികൾ തറക്കുകയും ചെയ്തിട്ടുണ്ട്. കൂറ്റൻ കോൺക്രീറ്റ് ബാരിക്കേഡുകൾക്കും റോഡിലെ കിടങ്ങുകൾക്കും പുറമെയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.