ന്യൂഡൽഹി: ഡൽഹിയിൽ 33 കാരിയായ സ്ത്രീ ആത്മഹത്യ ചെയ്തതിന്റെ ഞെട്ടിക്കുന്ന കാരണം പുറത്തുവിട്ട് പൊലീസ്. ലിവിൻ-ഇൻ പങ്കാളിയുടെ നിർബന്ധത്തിന് വഴങ്ങി സ്ത്രീ എട്ട് വർഷത്തിനിടെ 14 തവണ ഗർഭച്ഛിദ്രത്തിന് വിധേയയായതായും, അതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും പൊലീസ് അറിയിച്ചു. ആത്മഹത്യാ കുറിപ്പ് ഉദ്ധരിച്ചുകൊണ്ടാണ് പോലീസ് വിവരം പുറത്തുവിട്ടത്.
തെക്കുകിഴക്കൻ ഡൽഹിയിലെ ജയ്ത്പൂർ മേഖലയിൽ ജൂലൈ അഞ്ചിനാണ് സംഭവം നടന്നത്. വിവാഹ വാഗ്‌ദാനം നൽകി ശാരീരിക ബന്ധത്തിലേർപ്പെട്ട യുവാവ് ഒടുവിൽ വിവാഹം കഴിക്കാൻ വിസമ്മതിച്ചെന്നും ആത്മഹത്യയല്ലാതെ മറ്റ് മാർഗമില്ലെന്നും യുവതി ഹിന്ദിയിൽ എഴുതിയ ആത്മഹത്യാ കുറിപ്പിൽ പറയുന്നു. അവർ ഭർത്താവുമായി വേർപിരിഞ്ഞാണ് താമസിക്കുന്നതെന്നും പൊലീസ് പറഞ്ഞു. നോയിഡയിലെ ഒരു സോഫ്റ്റ്‌വെയർ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവാവിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുത്തതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
'ജൂലായ് 5ന് ജയ്ത്പൂരിൽ ഒരു സ്ത്രീ ആത്മഹത്യ ചെയ്തതായി ഒരു പിസിആർ കോൾ ലഭിച്ചു. ഒരു സ്ത്രീയെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് സംഘം സ്ഥലത്തെത്തി. ഉടൻ തന്നെ അവരെ എയിംസിലേക്ക് മാറ്റി'. പ്രാഥമിക അന്വേഷണത്തിൽ യുവതി കഴിഞ്ഞ ഏഴ്-എട്ട് വർഷമായി ഭർത്താവുമായി വേർപിരിഞ്ഞാണ് താമസിക്കുന്നതെന്ന് തെളിഞ്ഞതായും ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (സൗത്ത് ഈസ്റ്റ്) ഇഷ പാണ്ഡെ പറഞ്ഞു. ബിഹാറിലെ മുസാഫർപൂരിൽ താമസിക്കുന്ന യുവതിയുടെ മാതാപിതാക്കളെ വിവരമറിയിക്കുകയും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം അവർക്ക് വിട്ടുകൊടുക്കുകയും ചെയ്തതായി ഡിസിപി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.