ബംഗളൂരു: അപകടത്തിൽ സംഭവിച്ച മുറിവ് കെട്ടാൻ വനിതാ നഴ്സുമാരെ ലഭിച്ചില്ലെന്നാരോപിച്ച് നാലംഗ സംഘം ആശുപത്രി ജീവനക്കാരെ ആക്രമിച്ചു. ബംഗളൂരു കഗ്ഗദാസപുരയിലെ ശ്രീലക്ഷ്മി ആശുപത്രിയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ജീവനക്കാരെ മർദ്ദിച്ചശേഷം ആശുപത്രിയിലെ ബില്ലിങ് കൗണ്ടർ ഉൾപ്പെടെ നശിപ്പിച്ചശേഷമാണ് സംഘം കടന്നുകളഞ്ഞത്. മെയിൽ നഴ്സിനെയാണ് ലഭിച്ചതെന്നും പരിചരിണത്തിന് വനിതാ നഴ്സിനെ ലഭിച്ചില്ലെന്നും ആരോപിച്ചാണ് ഇരുവരും സുഹൃത്തക്കളെ വിളിച്ചുവരുത്തി ആക്രമണം അഴിച്ചുവിട്ടതെന്ന് ആശുപത്രി അധികൃതർ നൽകിയ പരാതിയിൽ പറഞ്ഞു.
സംഭവത്തിൽ ബൈയപ്പനഹള്ളി പൊലീസ് കേസെടുത്ത് പ്രതികൾക്കായുള്ള അന്വേഷണം ആരംഭിച്ചു. കെട്ടിട നിർമാണ തൊഴിലാളികളായ ഹേമന്ത് കുമാർ, അദ്ദേഹത്തിെൻറ അനുയായികളായ കിരൺ കുമാർ, വിനോദ്, ചന്ദ്രശേഖർ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇരുചക്രവാഹനത്തിൽനിന്ന് വീണ് പരിക്കേറ്റ ഹേമന്തും കിരണും ചികിത്സക്കായാണ് ആശുപത്രിയിലെത്തിയത്. ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നും കേസാകുമെന്നതിനാൽ നഴ്സിങ് സൂപ്പർവൈസറായ സവിത്രാമ്മയാണ് മുറിവ് കെട്ടാൻ പോയതെന്ന് ഒാപറേഷൻ തിയറ്റർ നഴ്സ് ഇൻചാർജ് എം.ബി പ്രസാദ് പറഞ്ഞു. എന്നാൽ, മുറിവിൽ ബാൻഡേജ് കെട്ടുന്നത് യുവതികളായ നഴ്സുമാർ മതിയെന്ന് പറഞ്ഞുകൊണ്ട് ഇരുവരും മുതിർന്ന നഴ്സിങ് ജീവനക്കാരിയായ സവിത്രാമ്മയോട് തർക്കിക്കാൻ തുടങ്ങി.
മോശം വാക്കുകൾ ഉപയോഗിക്കുകയും യുവതികളായ നഴ്സുമാരെ മുറിവുകെട്ടാൻ അയക്കാനും ഇരുവരും ആവശ്യപ്പെട്ടു. ഇതോടെ സ്ഥലത്തെത്തി പ്രസാദിനെയും സുരക്ഷാ ജീവനക്കാരനെയും ഇരുവരും ചേർന്ന് മർദ്ദിക്കുകയായിരുന്നു. ഇതിനിടയിൽ ഇരുവരുടെയും സുഹൃത്തുക്കളെയും ഫോണിൽ വിളിച്ചുവരുത്തി. ആശുപത്രിയിലേക്ക് അതിക്രമിച്ചെത്തിയ അനുയായികൾ ബില്ലിങ് കൗണ്ടറിലുള്ള ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും കൗണ്ടറിലെ സാധനങ്ങൾ എടുത്തെറിയുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.