മുംബൈ: മോഷ്ടിച്ച മൊബൈൽ തിരികെ നൽകാൻ പണം ആവശ്യപ്പെട്ട കള്ളൻ പിടിയിൽ. മുംബൈയിലെ കുർളയിലാണ് സംഭവം. വാസിം ഖുറേഷി എന്നയാളാണ് മോഷ്ടാവ്. കുർളയിലെ ബേക്കറിയിൽ വാസിം ജോലിക്ക് ചേർന്നിരുന്നു. ആദ്യ ദിവസം തന്നെ നാല് സഹപ്രവർത്തകരുടെ ഫോൺ മോഷ്ടിച്ചു.
സഹപ്രവർത്തകർ മോഷ്ടാവിന്റെ ഫോൺ നമ്പർ കണ്ടെത്തി വിളിച്ചപ്പോൾ തന്റെ ഡിജിറ്റൽ പേയ്‌മെന്റ് അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചാൽ മാത്രമേ മോഷ്ടിച്ച ഫോണുകൾ തിരികെ നൽകൂവെന്നായിരുന്നു ഖുറേഷി പറഞ്ഞത്.
അതിനു ശേഷം ഇയാൾ ദിവസവും ഇവരെ വിളിച്ച് പണം ആവശ്യപ്പെടാൻ തുടങ്ങി. ഇതോടെ ഫോൺ നഷ്ടപ്പെട്ടവരിൽ ഒരാൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.
പൊലീസ് താനെയിലെത്തി ഖുറേഷിയെ പിടികൂടി. പിടികൂടുമ്പോൾ ഇയാളുടെ കൈവശം 10 മൊബൈൽ ഫോണുകൾ ഉണ്ടായിരുന്നു.
മുംബൈയിലെ നിരവധി സ്ഥാപനങ്ങളിൽ താൻ ജോലിചെയ്തിട്ടുണ്ടെന്നും അവിടെ നിന്നെല്ലാം മൊബൈൽ ഫോണുകൾ മോഷ്ടിച്ചിരുന്നുവെന്നും ഖുറേഷി പൊലീസിനോട് പറഞ്ഞു. പൊലീസ് പിടികൂടാതിരിക്കാൻ എവിടെയും തിരിച്ചറിയൽ കാർഡുകൾ സമർപ്പിച്ചിരുന്നില്ല. ഖുറേഷിക്കെതിരെ വി.ബി. നഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.