മുംബൈ: ഐ.ഐ.ടി ബോംബെയിൽ രണ്ടാം വർഷ മാസ്റ്റേഴ്സ് വിദ്യാർഥി ജീവനൊടുക്കി. ക്യാമ്പസിലുള്ള ഹോസ്റ്റൽ കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിന്നും ചാടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വിവരമറിഞ്ഞ് ഹോസ്റ്റലിലുള്ളവർ വിദ്യാർഥിയെ ഉടൻ രാജവാഡി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
മധ്യപ്രദേശ് സ്വദേശിയായ ദർശൻ മാളവ്യ ആണ് മരിച്ചത്. പുലർച്ചെ നാലരയോടെയായിരുന്നു സംഭവം. നാലാം നിലയിലുള്ള വിദ്യാർഥിയുടെ ഹോസ്റ്റൽ മുറിയിൽ നിന്ന് പൊലീസ് ആത്മഹത്യ കുറിപ്പ് കണ്ടെത്തി. താൻ വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നും മരണത്തിന് ആരും ഉത്തരവാദിയല്ലെന്നും വിദ്യാർഥി ആത്മഹത്യ കുറിപ്പിൽ എഴുതിയതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
ഐ.ഐ.ടി, ഐ.ഐ.എം അടക്കം കേന്ദ്ര സർവകലാശാലകളിലും കോളജുകളിലും വിദ്യാർഥികൾ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ തുടർക്കഥയാകുകയാണ്. 2014 മുതൽ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 100ഓളം വിദ്യാർഥികൾ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ലോക്സഭയിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. മരിച്ച 122 വിദ്യാർഥികളിൽ ഭൂരിഭാഗവും കേന്ദ്ര സർവ്വകലാശശാലകളിൽ പഠിച്ചിരുന്നവരാണ്.
37 കേന്ദ്ര സർവ്വകലാശാല വിദ്യാർഥികളാണ് രാജ്യത്ത് 2014-22 കാലയളവിൽ ആത്മഹത്യ ചെയ്തത്. 34 ഐ.ഐ.ടി വിദ്യാർഥികളും ഇതേ കാലയളവിൽ മരണപ്പെട്ടിട്ടുണ്ട്. ഐ.ഐ.ടിയിൽ ജീവനൊടുക്കിയവരിൽ 13 പേർ ഒ.ബി.സി വിഭാഗത്തിൽപ്പെട്ടവരും അഞ്ചുപേർ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരുമാണെന്നും കേന്ദ്ര സർക്കാറിന്റെ റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.