ന്യൂഡൽഹി: മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് ജാമ്യം ലഭിച്ചിട്ടും ജാമ്യവ്യവസ്ഥകൾ പാലിക്കാൻ ബുദ്ധിമുട്ടി അദ്ദേഹത്തിന്റെ അഭിഭാഷകൻ. ജാമ്യവ്യവസ്ഥ പ്രകാരം കാപ്പന് പുറത്തിറങ്ങണമെങ്കിൽ യു.പിക്കാരായ രണ്ട് പേരുടെ ആൾജാമ്യം വേണം. എന്നാൽ, ആരും ഇതിന് തയാറായി മുന്നോട്ട് വരുന്നില്ലെന്ന് കാപ്പന്റെ അഭിഭാഷകൻ മുഹമ്മദ് ദാനിഷ് പറഞ്ഞു.
സെപ്തംബർ ഒമ്പതിനാണ് സുപ്രീംകോടതി കാപ്പന് ജാമ്യം അനുവദിച്ചത്. തുടർന്ന് സെപ്തംബർ 12ന് കാപ്പനെ ലഖ്നോവിലെ വിചാരണകോടതിയിൽ ഹാജരാക്കി. അഡീഷണൽ ജഡ്ജ് അനുരുദ്ധ് മിശ്രയാണ് കാപ്പന്റെ ജാമ്യവ്യവസ്ഥ നിശ്ചയിച്ചത്. ഒരു ലക്ഷം രൂപയുടെ രണ്ട് ആൾജാമ്യത്തിലാണ് കാപ്പന് ജാമ്യം അനുവദിച്ചത്.
എന്നാൽ, കാപ്പനായി ജാമ്യം നിൽക്കാൻ ആരും തയാറാവുന്നില്ലെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടുന്നു. കേസ് സെഷൻസ് കോടതി പരിഗണിക്കുമ്പോൾ കാപ്പന്റെ സഹോദരനും ഭാര്യയും കോടതിയിലുണ്ടായിരുന്നു. ജാമ്യക്കാരായി ഇവർ മതിയോയെന്ന് കോടതിയോട് ചോദിച്ചുവെങ്കിലും ഇത് അംഗീകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
യു.എ.പി.എ കേസിന് പുറമേ കള്ളപ്പണം വെളുപ്പിക്കലിന് ഇ.ഡിയും കാപ്പനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സെപ്റ്റംബർ 19ന് ഇ.ഡി കേസിൽ കാപ്പന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും. അതിന് മുമ്പ് മുഴുവൻ കടമ്പകളും പൂർത്തിയാക്കി യു.എ.പി.എ കേസിൽ കാപ്പന് ജാമ്യമൊരുക്കുകയാണ് അഭിഭാഷകരുടെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.