വൈദികനും മനുഷ്യവകാശ പ്രവർത്തകനുമായിരുന്ന ഫാ. സ്റ്റാൻ സ്വാമിയുടെ മരണത്തിൽ പ്രതിഷേധം രേഖപ്പെടുത്തി യു.എൻ ഉദ്യോഗസ്ഥയും യൂറോപ്യൻ യൂണിയൻ പ്രതിനിധിയും രംഗത്ത്. ഫാദർ സ്റ്റാൻ സ്വാമിയെ ജയിലിലടച്ചത് തെറ്റായ തീവ്രവാദക്കുറ്റം ചുമത്തിയാണെന്ന് യു.എന്നിലെ മുതിർന്ന ഉദ്യോഗസ്ഥയായ മേരി ലാവ്ലർ ട്വീറ്റ് ചെയ്തു. യൂറോപ്യൻ യൂണിയൻ മനുഷ്യാവകാശ കമ്മിറ്റി പ്രത്യേക പ്രതിനിധി ഇൗമൻ ഗിൽമോറും പ്രതിഷേധവുമായി രംഗത്തെത്തി.
'' ഇന്ത്യയിൽ നിന്നും ഇപ്പോൾ വരുന്ന വാർത്തകൾ ഉള്ളുലക്കുന്നതാണ്. ഒൻപത് മാസമായി തെറ്റായ തീവ്രാദക്കുറ്റം ചുമത്തി ജയിലിലടച്ച സ്റ്റാൻ സ്വാമി കസ്റ്റഡിയിൽ മരിച്ചിരിക്കുന്നു. മനുഷ്യാവകാശത്തിനായി പ്രവർത്തിക്കുന്നവരെ ജയിലിടക്കുന്നത് ന്യായീകരിക്കാനാകത്താണ്'' -മേരി ലാവ്ലർ ട്വീറ്റ് ചെയ്തു.
മേരി ലാവ്ലറുടെ ട്വീറ്റ് പങ്കുവെച്ചാണ് യൂറോപ്യൻ യൂണിയൻ പ്രത്യേക പ്രതിനിധി ഇൗമൻ ഗിൽമോർ പ്രതിഷേവുമായി രംഗത്തെത്തിയയത്. ''ഇന്ത്യാ.. സ്റ്റാൻ സ്വാമിയുടെ മരണത്തിൽ ഞാൻ വളരെയധികം ദുഖിതനാണ്. സ്വദേശികളുടെ അവകാശങ്ങൾക്കായി നിലകൊണ്ടയാളായിരുന്നു അദ്ദേഹം. കഴിഞ്ഞ ഒൻപതുമാസമായി അദ്ദേഹം തടവിലായിരുന്നു. യൂറോപ്യൻ യൂണിയൻ ഇന്ത്യയിലെ അധികൃതരുമായി ഈ വിഷയം പലകുറി സംസാരിച്ചിരുന്നു'' -ഈമൻ ട്വീറ്റ് ചെയ്തു.
2018 ജനുവരി ഒന്നിന് നടന്ന ഭീമ കൊറേഗാവ് കലാപ കേസിൽ ഗൂഢാലോചന ആരോപിച്ചായിരുന്നു സ്റ്റാൻ സ്വാമിയെ അറസ്റ്റ് ചെയ്തത്. നാഡിവ്യൂഹത്തെ ബാധിക്കുന്ന പാർക്കിൻസൺ രോഗബാധിതനായ അദ്ദേഹത്തിന് നവി മുംബൈയിലെ തലോജ ജയിലിൽ വെച്ച് കൃത്യമായ ചികിത്സ ലഭിച്ചിരുന്നില്ലെന്ന് പരാതി ഉയർന്നിരുന്നു. ഇതോടെ നില വഷളായി. ചികിത്സക്കായി ജാമ്യം ലഭിച്ച അദ്ദേഹം മുംബൈ ഹോളി ഫെയ്ത്ത് ഹോസ്പിറ്റലിൽ വെച്ചാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.