ന്യൂഡൽഹി: ഒരു ഭാഗത്ത് അയോധ്യ ക്ഷേത്രവും മറുഭാഗത്ത് ആധുനിക പാർലമെന്റ് മന്ദിരവും നിർമിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യ 2047 ആകുമ്പോഴേക്ക്, മഹത്തായ ഭൂതകാലവും ആധുനികതയുടെ സുവർണ വശങ്ങളും ഉൾക്കൊള്ളുന്ന രാഷ്ട്രം കെട്ടിപ്പടുക്കേണ്ടതുണ്ടെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു.
ഇന്ന് രാജ്യം സുവർണ രാശിയുള്ള ‘അമൃത് കാൽ’ ലാണെന്നും, പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി സെൻട്രൽ ഹാളിൽ ലോക്സഭയിലെയും രാജ്യസഭയിലെയും എം.പിമാരെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി പറഞ്ഞു.
പൈതൃകം വേരുകളുമായി ബന്ധിപ്പിക്കുമ്പോൾ ആകാശത്തോളം ഉയരാൻ ധൈര്യമുണ്ടാകുമെന്നും അതുകൊണ്ടാണ് തന്റെ സർക്കാർ പൈതൃകത്തിലൂന്നിയ വികസന വഴി തിരഞ്ഞെടുത്തതെന്നും അവർ അവകാശപ്പെട്ടു. ആയിരക്കണക്കിന് വർഷങ്ങളുടെ മഹാ ഭൂതകാലത്തിന്റെ അഭിമാനവും സ്വാതന്ത്ര്യസമരത്തിന്റെ പ്രചോദനവും സുവർണ ഭാവിക്കായുള്ള ഇന്ത്യയുടെ ദൃഢനിശ്ചയവും ഉൾക്കൊള്ളുന്നതാണ് ‘അമൃത് കാൽ’.
അടിമത്ത മാനസികാവസ്ഥയുടെ എല്ലാ അടയാളങ്ങളും ഇല്ലാതാക്കാന്‍ സർക്കാർ നിരന്തരം ശ്രമിക്കുന്നു. ഒരുകാലത്ത് രാജ്പഥ് ആയിരുന്നത് ഇപ്പോള്‍ കര്‍ത്തവ്യ പഥ് ആണ്. ഇന്ന് രാജ്യത്ത് ഒരു വശത്ത് അയോധ്യ ധാം പണിയുമ്പോൾ മറുവശത്ത്, ആധുനിക പാര്‍ലമെന്റ് മന്ദിരം നിർമിക്കുകയാണ്.
കേദാര്‍നാഥ് ധാം, കാശി വിശ്വനാഥ് ധാം, മഹാകാല്‍ മഹാലോക് എന്നിവ പണിതപ്പോൾ തന്നെ മറുവശത്ത് എല്ലാ ജില്ലയിലും മെഡിക്കല്‍ കോളജുകളുണ്ടാക്കി. ഒരു ഭാഗത്ത് തീർഥാടന കേന്ദ്രങ്ങളും ചരിത്ര പൈതൃകവും വികസിപ്പിക്കുമ്പോൾ മറുഭാഗത്ത് ലോകത്തിലെ പ്രധാന ബഹിരാകാശ ശക്തിയായി മാറി ആദ്യ സ്വകാര്യ ഉപഗ്രഹം വിക്ഷേപിച്ചു.
ആദിശങ്കരാചാര്യ, ഭഗവാന് ബസവേശ്വര, തിരുവള്ളുവര്‍, ഗുരുനാനാക്ക് ദേവ് തുടങ്ങിയവർ കാണിച്ച പാതയിലൂടെ സഞ്ചരിച്ച് ഇന്ത്യ ഇന്ന് ഹൈടെക് വിജ്ഞാനത്തിന്റെ കേന്ദ്രമായി മാറുകയാണ്. കാശി-തമിഴ് സംഗമത്തിലൂടെ ഏക് ഭാരത്-ശ്രേഷ്ഠ ഭാരതത്തിന്റെ ആത്മാവിനെ ശക്തിപ്പെടുത്തി ‘ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ്’ പോലുള്ള ആധുനിക സംവിധാനങ്ങളും വികസിപ്പിച്ചു.
പ്രാചീന രീതികളായ യോഗയും ആയുര്‍വേദവും ലോകമെമ്പാടും എത്തിക്കുന്നു. അതേസമയം, ലോകത്തിന്റെ ഔഷധ നിര്‍മാണ കേന്ദ്രം എന്ന രാജ്യത്തിന്റെ പുതിയ വ്യക്തിത്വത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. തുടർച്ചയായി രണ്ടാമതും സ്ഥിരതയുള്ള സർക്കാറിനെ തെരഞ്ഞെടുത്തതിന് ജനങ്ങളോട് രാഷ്ട്രപതി നന്ദി പ്രകടിപ്പിച്ചു.
രാജ്യ താൽപര്യം പരമപ്രധാനമായി നിലനിർത്തി ആവശ്യമുള്ളപ്പോൾ നയങ്ങളും തന്ത്രങ്ങളും പൂർണമായും മാറ്റാനുള്ള ഇച്ഛാശക്തി കാണിച്ചു. സർജിക്കൽ സ്ട്രൈക്ക്, ഭീകരത അടിച്ചമർത്തൽ, അനുച്ഛേദം 370 റദ്ദാക്കൽ, മുത്തലാഖ് നിരോധിക്കൽ എന്നിവ സധൈര്യം നടപ്പാക്കി. അഴിമതിക്കെതിരെ സന്ധിയില്ലാത്ത പോരാട്ടമാണ് നടക്കുന്നതെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.