ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ കർഷക സംഘടനകൾ നടത്തിയ സമരം അക്രമാസക്തമായതിനെ തുടർന്ന് തുടർ പ്രക്ഷോഭങ്ങളിൽനിന്ന് പിന്മാറ്റം പ്രഖ്യാപിച്ച രണ്ടു സംഘടനകളിൽ ഒന്ന് നയം മാറ്റി. രാഷ്ട്രീയ കിസാൻ മസ്ദൂർ സംഘടന (ആർ.കെ.എം.എസ്) ക്കൊപ്പം പിന്മാറ്റം മാധ്യമങ്ങളെ അറിയിച്ച അഖിലേന്ത്യ കിസാൻ സംഘർഷ് കോർഡിനേഷൻ കമ്മിറ്റി (എ.െഎ.എസ്.സി.സി) യാണ് വൈകാതെ നയം മാറ്റിയത്. മുൻ കൺവീനറാണ് പിന്മാറ്റം പ്രഖ്യാപിച്ച വി.എം സിങ്ങെന്നും അയാൾക്ക് തീരുമാനമെടുക്കാൻ അവകാശമില്ലെന്നും സംഘടന ദേശീയ സെക്രട്ടറി അവിക് സാഹ അറിയിച്ചു.
റിപ്പബ്ലിക് ദിനത്തിൽ മാർച്ച് നടത്താൻ പൊലീസ് അനുമതിയെടുത്ത കർഷകരിൽ ഒരു വിഭാഗം സെൻട്രൽ ഡൽഹി ലക്ഷ്യമിട്ട് ട്രാക്ടറുകളിൽ നീങ്ങുകയായിരുന്നു. പൊലീസ് തടയാൻ നടത്തിയ ശ്രമം സംഘട്ടനത്തിലും കലാശിച്ചു. 86 പൊലീസുകാർക്ക് പരിക്കേറ്റതായി ഡൽഹി പൊലീസ് ആരോപിക്കുന്നു.
സംഭവത്തിൽ 25 എഫ്.ഐ.ആറുകൾ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. രാഷ്ട്രീയ കക്ഷികൾ അനിഷ്ട സംഭവങ്ങളെ അപലപിച്ചുവെങ്കിലും ഇനിയും കർഷകർക്ക് ചെവികൊടുക്കാത്ത കേന്ദ്രസർക്കാർ നയമാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന നിലപാടിലാണ് ഭൂരിപക്ഷം സംഘടനകളും. കർഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത് കിസാൻ മോർച്ചയും ഖേദം രേഖപ്പെടുത്തി. പ്രതിഷേധങ്ങൾക്കിടെ നുഴഞ്ഞുകയറിയ സാമൂഹിക വിരുദ്ധരാണ് പിന്നിലെന്നും അവർ പറയുന്നു.
കർഷക പ്രക്ഷോഭം നവംബർ 26 മുതൽ ഡൽഹിയെയൂം സമീപ സംസ്ഥാനങ്ങളെയും പിടിച്ചുകുലുക്കുകയാണ്. ചൊവ്വാഴ്ച നൂറുകണക്കിന് കർഷകർ െചങ്കോട്ട ഉപരോധിക്കുകയും നഗരത്തിെൻറ മറ്റു ഭാഗങ്ങളിൽ പൊലീസുമായി ഏറ്റുമുട്ടൽ നടത്തുകയും ചെയതിരുന്നു. ഇതോടെ, തലസ്ഥാന നഗരത്തിലെ നാലു ഭാഗങ്ങളിൽ ഇൻറർനെറ്റ് സേവനം ഉൾപെടെ അടിയന്തരമായി നിർത്തിവെച്ചാണ് അധികൃതർ നേരിട്ടത്. ഒരു കർഷകൻ മരിക്കുകയും 10 കർഷകർക്ക് പരിക്കേൽക്കുകയും ചെയ്തു.
ആർ.കെ.എം.എസിനൊപ്പം ഭാരതീയ കിസാൻ യൂനിയനും പിൻമാറുകയാണെന്ന് അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.