കാലിഫോർണിയ: കൈയിൽ എട്ടു ഡോളറുമായി ഇന്ത്യയിൽനിന്ന് യു.എസിലെത്തിയ 18 കാരൻ. കൂലിപ്പണിക്കാരനായി ജീവിതം തുടങ്ങി പതിയെ പതിയെ കീഴടക്കിയത് കാലിഫോർണിയയിലെ 'പീച്ച്' പഴ വിപണി. കഴിഞ്ഞ ദിവസം അന്തരിച്ച കാലിഫോർണിയയിലെ ഏറ്റവും വലിയ പീച്ച് കർഷകനായ ദിദാർ സിങ് ബെയ്ൻസ് (83) അറിയപ്പെട്ടതു തന്നെ 'പീച്ച് കിങ്' എന്നായിരുന്നു.
1939ൽ പഞ്ചാബിലെ ഹോഷിയാർപൂർ ജില്ലയിലെ നംഗൽ ഖുർദ് ഗ്രാമത്തിലാണ് ബെയിൻസ് ജനിച്ചത്. ഇദ്ദേഹം ജനിക്കുന്നതിന് 19 വർഷം മുമ്പ് അച്ഛന്റെ അമ്മാവൻ കർതാർ റാം ബെയ്ൻസ് യുഎസിലെത്തിയിരുന്നു. ആദ്യം ഇംപീരിയൽ താഴ്‌വരയിലെ പഴത്തോട്ടങ്ങളിലായിരുന്നു ജോലി. പിന്നീട് പ്ലേസർ കൗണ്ടിയിലും യുബ സിറ്റി ഏരിയയിലും ജോലി ചെയ്തു. ഒടുവിൽ തോട്ടങ്ങൾ സ്വന്തമാക്കി.
1948ൽ ദിദാർ സിങ്ങിന്റെ അച്ഛൻ ഗുർപാൽ സിംഗ് ബെയ്ൻസും 1958ൽ ദിദാറും പഞ്ചാബിൽ നിന്ന് അമ്മാവന്റെ സഹായത്തോടെ കാലിഫോർണിയയിലെ യുബ കൗണ്ടിയിൽ എത്തി. പിന്നാലെ, 1962ൽ അമ്മ അമർ കൗർ വന്നു. 1964ൽ സാന്റി പൂനിയയെ ദിദാർ വിവാഹം കഴിച്ചു,
യുബ കൗണ്ടിയിലെ കർഷകത്തൊഴിലാളിയായിട്ടായിരുന്നു ദിദാറിന്റെ ആദ്യ വേഷം. നാല് വർഷത്തിനുള്ളിൽ 1962ൽ, അദ്ദേഹം പണം സ്വരൂപിച്ച് സ്വന്തമായി ഒരു തുണ്ട് ഭൂമി വാങ്ങി. തുടർന്നുള്ള വർഷങ്ങളിൽ ബെയിൻസ് സംസ്ഥാനത്തുടനീളം കൃഷിഭൂമി വാങ്ങി.
കൃത്യം 20 വർഷം പിന്നിട്ട് 1978 ആയപ്പോഴേക്കും അദ്ദേഹം കാലിഫോർണിയയിലെ ഏറ്റവും വലിയ പീച്ച് കർഷകനായി. ദിദാർ 'പണം കായ്ക്കുന്ന മരം നട്ടുവളർത്തുക' ആയിരുന്നുവെന്നാണ് ഇതേക്കുറിച്ച് സുഹൃത്തുക്കളടക്കം തമാശ പറഞ്ഞിരുന്നത്.
വളർച്ചയുടെ വഴിയിൽ പഴങ്ങളിൽ വൈവിധ്യവത്കരണം പരീക്ഷിച്ച ദിദാർ, വിവിധ രാജ്യങ്ങളിലേക്കും തന്റെ കൃഷി ചുവടുറപ്പിച്ചു. കാനഡയിലും വാഷിങ്ടൺ സ്‌റ്റേറ്റിലും പഴവർഗങ്ങൾ കൃഷി ചെയ്യുന്നതിനായി അദ്ദേഹം ഭൂമി വാങ്ങി. റാസ്ബെറി, ബ്ലൂബെറി, കറുത്ത മുന്തിരി, പ്ളം, വാൽനട്ട്, ബദാം, മുന്തിരി എന്നിവ വ്യാപകമായി കൃഷി ചെയ്തു.
വടക്കേ അമേരിക്കയിലെ സിഖുകാരുടെ പ്രധാന നേതാവായിരുന്നു ദിദാർ സിങ് ബെയിൻസ്. അമേരിക്കയിലെ പ്രശസ്ത സിഖ് നേതാവായ ദിദാർ സിഖുകാർക്ക് വേണ്ടി ചെയ്ത സേവനങ്ങളുടെ പേരിൽ എന്നെന്നും ഓർമ്മിക്കപ്പെടുമെന്ന് ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി പ്രസിഡന്റ് ഹർജീന്ദർ സിങ് ധാമി അനുശോചിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തുകയും ചെയ്തു.
യു.എസിലെ ആദ്യത്തെ ഗുരുദ്വാരയായ സ്റ്റോക്ക്ടൺ ഗുരുദ്വാരയുടെ പ്രസിഡന്റായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യയിലെ സിഖ് സ്ഥാപനങ്ങൾക്കും സംഘടനകൾക്കും അദ്ദേഹം ധാരാളം സംഭാവനകൾ നൽകിയിട്ടുണ്ട്. 1984 ലെ വംശഹത്യക്ക് ശേഷം സിഖുകാർ ഇന്ത്യയിൽനിന്ന് പലായനം ചെയ്തപ്പോൾ, ബെയ്ൻസ് അവരിൽ പലരെയും തന്റെ തോട്ടങ്ങളിൽ ജോലി നൽകി സഹായിച്ചിരുന്നു. അഭയം തേടുന്ന നിരവധി സിഖുകാർക്ക് അദ്ദേഹം അഭിഭാഷകരെ ഏർപ്പാടാക്കി നൽകി.
1984ൽ വേൾഡ് സിഖ് ഓർഗനൈസേഷന്റെ (ഡബ്ല്യു.എസ്.ഒ) രൂപീകരണത്തിൽ ദിദാർ സിങ് ബെയിൻസ് നിർണായക പങ്ക് വഹിക്കുകയും അതിന്റെ പ്രസിഡന്റാവുകയും ചെയ്തു. 1980ൽ യൂബ സിഖ് പരേഡ് എന്ന പേരിൽ ആരംഭിച്ചു. 2001 സെപ്റ്റംബർ 11ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് ശേഷം സിഖുകാർ വിദ്വേഷ കുറ്റകൃത്യങ്ങൾ നേരിട്ടപ്പോൾ, അന്നത്തെ യുഎസ് പ്രസിഡന്റ് ജോർജ്ജ് ഡബ്ല്യു ബുഷിനെ കാണാനെത്തിയ സിഖുകാരുടെ പ്രതിനിധി സംഘത്തെ നയിച്ചത് ബെയിൻസ് ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.