'കെ.എസ്.ആർ.ടി.സിയുടെ ആവശ്യം അതിരുകടന്നത്'; വിപണി വിലക്ക് ഡീസൽ: കെ.എസ്.ആർ.ടി.സി നല്‍കിയ ഹരജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: എണ്ണക്കമ്പനികൾ വൻകിട ഉപഭോക്താക്കളിൽ നിന്ന് അമിത നിരക്ക് ഈടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കെ.എസ്.ആർ.ടി.സി നൽകിയ ഹരജി സുപ്രീം കോടതി തള്ളി.

പൊതു മേഖല എണ്ണ കമ്പനികളുടെ നിരക്ക് അധികമാണെങ്കിൽ മറ്റുമാർഗങ്ങൾ നോക്കിക്കൂടെയെന്ന് ചോദിച്ച കോടതി ഇത് തങ്ങൾ ഇടപടേണ്ട വിഷയമല്ലെന്നും വ്യക്തമാക്കി. ജസ്റ്റിസുമാരായ ജെ.ബി പര്‍ദിവാല, ആര്‍.മഹാദേവന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചാണ് ഹരജി തള്ളിയത്.

പൊതു മേഖല എണ്ണ കമ്പനികൾ ബൾക്ക് പർച്ചേസർമാർക്കുള്ള ഡീസൽ നിരക്ക് നിശ്ചയിക്കുന്ന രീതി അറിയണമെന്ന കെ.എസ്.ആർ.ടി.സി.യുടെ ആവശ്യം അതിരുകടന്നതാണെന്നും കോടതി പറഞ്ഞു. 

പൊതുമേഖലാ എണ്ണക്കമ്പനികള്‍ ഡീസല്‍ ലിറ്ററിന് 21 രൂപവരെ അധികമായി ഈടാക്കുന്നെന്ന് കെ.എസ്.ആര്‍.ടി.സി.ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ പി.വി. ദിനേശും അഡ്വ. ദീപക് പ്രകാശും വാദിച്ചു.

2015ല്‍ കെ.എസ്.ആര്‍.ടി.സിയും പൊതുമേഖലാ എണ്ണക്കമ്പനികളും എണ്ണവില കരാറില്‍ ഏര്‍പ്പെട്ടിരുന്നു. ഈ കരാര്‍ നിലനില്‍ക്കെയാണ് ഏകപക്ഷീയമായി വില സംബന്ധിച്ച നയം മാറ്റിയത്. ഇതിനെതിരെ ആര്‍ബിട്രേഷന്‍ പോലുള്ള നടപടികളിലേക്ക് കടക്കാന്‍ കഴിയുന്നില്ലെന്നും കെ.എസ്.ആര്‍ ടി.സി ചൂണ്ടിക്കാട്ടി.

കെ. എസ് .ആര്‍ .ടി .സിക്ക് വിപണി വിലയ്ക്ക് ഡീസല്‍ നല്‍കണമെന്ന് വിധി പ്രസ്താവിച്ച ഹൈക്കോടതി സിംഗിള്‍ ബഞ്ചിനെയും സുപ്രീം കോടതി വിമര്‍ശിച്ചു. ഡീസല്‍ വില നിര്‍ണയത്തില്‍ ഹൈക്കോടതിക്ക് ഒരു കാര്യവുമില്ലെന്ന് കോടതി പറഞ്ഞു.

Tags:    
News Summary - Diesel at market price; The Supreme Court rejected the petition of KSRTC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.