ന്യൂഡൽഹി: അദാനിയുടെ അഴിമതി, സംഭൽ വർഗീയ സംഘർഷം തുടങ്ങിയ വിഷയങ്ങൾ മറ്റു അജണ്ടകൾ മാറ്റിവെച്ച് അടിയന്തരമായി ചർച്ച ചെയ്യണമെന്ന ആവശ്യത്തിൽ പ്രതിപക്ഷം ഉറച്ചുനിന്നതോടെ ശൈത്യകാല സമ്മേളനത്തിന്റെ നാലാം ദിവസവും പാർലമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചു. നടപടി നേരിടേണ്ടിവരുമെന്ന ലോക്സഭാ സ്പീക്കർ ഓം ബിർളയുടെ മുന്നറിയിപ്പും രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻഖറുടെ വിമർശനവും ഗൗനിക്കാതെയാണ് പ്രതിപക്ഷം വ്യാഴാഴ്ചയും നിലപാടിൽ ഉറച്ചുനിന്നത്. പ്രതിപക്ഷത്തിന്റെ മുദ്രാവാക്യം വിളികൾക്കിടെ കേന്ദ്ര പാർലമെന്ററി കാര്യമന്ത്രി കിരൺ റിജിജുവും രൂക്ഷ വിമർശനം നടത്തി. അതേസമയം നാലു ദിവസവും സഭ സ്തംഭിച്ചതോടെ പ്രതിപക്ഷത്തും ഭിന്നാഭിപ്രായങ്ങൾ ഉയർന്നുതുടങ്ങി.
ലോക്സഭയിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വയനാട് എം.പിയായും കോൺഗ്രസിന്റെ രവീന്ദ്ര വസന്ത് റാവു ചവാൻ നന്ദേഡ് എം.പിയായും സത്യപ്രതിജ്ഞ ചെയ്തതിന് തൊട്ടുപിന്നാലെ ‘മോദി - അദാനി ഹായ് ഹായ്’ എന്ന് മുദ്രാവാക്യം വിളിച്ച് കോൺഗ്രസ് എം.പിമാർ നടുത്തളത്തിലേക്കിറങ്ങി. പുതുതായി സത്യപ്രതിജ്ഞ ചെയ്ത രണ്ടു കോൺഗ്രസ് എം.പിമാരും തങ്ങളുടെ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് പ്രതിഷേധത്തിൽ പങ്കാളികളായി. ആദ്യം 12 മണി വരെ നിർത്തിവെച്ച സഭ വീണ്ടും ചേർന്നുവെങ്കിലും സഭാരേഖകൾ മേശപ്പുറത്ത് വെക്കുന്നതിനപ്പുറം അജണ്ടയിലേക്ക് കടക്കാനായില്ല. നടപടികൾ നേരിടേണ്ടിവരുമെന്ന് സ്പീക്കർ മുന്നറിയിപ്പ് നൽകിയ ശേഷവും പ്രതിപക്ഷ പ്രതിഷേധം തുടർന്നു. രാജ്യസഭയിൽ അടിയന്തര ചർച്ചകൾക്കായി ചട്ടം 267 പ്രകാരം നൽകിയ 16 നോട്ടീസുകളും ചെയർമാൻ ജഗ്ദീപ് ധൻഖർ തള്ളി. പ്രതിപക്ഷ ഉപനേതാവ് പ്രമോദ് തിവാരി ക്രമപ്രശ്നത്തിലൂടെ അദാനി വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടും ജഗ്ദീപ് ധൻഖർ വഴങ്ങിയില്ല. പ്രതിപക്ഷ ബഹളം തുടങ്ങിയതും സഭ നിർത്തിവെച്ചതും ഒരുമിച്ചായിരുന്നു.
അതേസമയം നാലാം ദിവസവും നടപടികൾ മുടങ്ങിയതോടെ പാർലമെന്റ് സ്തംഭനത്തെ ചൊല്ലി പ്രതിപക്ഷത്ത് അഭിപ്രായ ഭിന്നതകൾ പ്രകടമായി. പാർലമെന്റിൽ തങ്ങളുടെ വിഷയങ്ങൾ ചർച്ച ചെയ്യാനുണ്ടെന്ന നിലപാടുള്ള തൃണമൂൽ കോൺഗ്രസും ഡി.എം.കെയും സഭാ സ്തംഭനം ഇതിന് തടസ്സമാകുന്നുണ്ടെന്ന അഭിപ്രായവും പ്രകടിപ്പിച്ചിട്ടുണ്ട്. അദാനിക്കെതിരായ വിഷയത്തിൽ ഐക്യദാർഢ്യം പ്രകടിപ്പിച്ച് എഴുന്നേറ്റു നിൽക്കുക മാത്രമാണ് ബുധനാഴ്ച ഇരുപാർട്ടികളും ചെയ്തത്. നടുത്തളത്തിലിറങ്ങാനും മുദ്രാവാക്യം വിളിക്കാനുമൊന്നും അവർ തയാറായില്ല. സഭാ സ്തംഭനം ഒഴിവാക്കണമെന്ന അഭിപ്രായം കോൺഗ്രസിൽനിന്നും പലരും പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.