അജ്മീർ ദർഗ: പണ്ടോറയുടെ പെട്ടി തുറന്നത് മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡെന്ന് മെഹ്ബൂബ മുഫ്തി

അജ്മീർ: അജ്മീറിലെ പ്രശസ്തമായ ഖ്വാജ മുഈനുദ്ദീൻ ചിസ്തി ദർഗ അടക്കമുള്ള മുസ്‍ലിം ആരാധനാലയങ്ങൾക്ക് മേൽ അവകാശവാദമുന്നയിച്ച സംഭവത്തിൽ പ്രതികരണവുമായി പി.ഡി.പി അധ്യക്ഷയും കശ്മീർ മുൻ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തി. സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ വിധിയാണ് ഇത്തരത്തിലുള്ള ‘പണ്ടോറയുടെ പെട്ടി’ തുറന്നുവിട്ടതെന്ന് മെഹ്ബൂബ മുഫ്തി പറഞ്ഞു. വാരാണസി​യിലെ ഗ്യാൻവാപി മസ്ജിദിൽ ശാസ്ത്രീയ സർവേ നടത്താൻ ഉത്തരവിട്ട ചന്ദ്രചൂഡിന്റെ വിധി പരാമർശിച്ചാണ് അവർ ഇങ്ങനെ പ്രതികരിച്ചത്. ആരാധനാലയങ്ങളുടെ 1947ൽ നിലനിന്നിരുന്ന തൽസ്ഥിതി തുടരണമെന്ന സുപ്രീം കോടതി വിധിയെ മറികടന്ന് ചന്ദ്രചൂഡിന്റെ വിധി മുസ്‍ലിം ആരാധനാലയങ്ങളിൽ സർവേകൾക്ക് വഴിയൊരുക്കിയത്. ഇത് ഹിന്ദു- മുസ്‍ലിം സംഘർഷം വർധിപ്പിക്കുമെന്നും അവർ പറഞ്ഞു.

ബുധനാഴ്ചയാണ് ഖ്വാജ മുഈനുദ്ദീൻ ചിസ്തി ദർഗ ക്ഷേത്രമാണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെടുന്ന ഹരജിയിൽ അജ്മീർ കോടതി ദർഗ കമ്മിറ്റിക്കും കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിനും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്കും നോട്ടീസ് അയച്ചത്. വിഷ്ണുശർമ ഗുപ്ത സമർപ്പിച്ച ഹരജിയിൽ ഡിസംബർ 20നാണ് അടുത്ത വാദം കേൾക്കൽ.

ഷാഹി ജമാ മസ്ജിദ് സംഭവം നടന്ന് ദിവസങ്ങൾക്കു ശേഷമാണ് അജ്മീർ കേസ് വരുന്നത്. സമൂഹത്തെ വർഗീയാടിസ്ഥാനത്തിൽ വിഭജിക്കാനുള്ള നീക്കമാണ് ഇതിനുപിന്നിലെന്ന് അജ്മീർ ദർഗ നടത്തിപ്പു സമിതിയായ ‘അഞ്ജുമാൻ സെയ്ദ് സദ്ഗാൻ’ സെക്രട്ടറി സെയ്ദ് സർവാർ ചിസ്തി പറഞ്ഞു. ദർഗ മതനിരപേക്ഷതയുടെയും സാഹോദര്യത്തിന്റെയും അടയാളമാണ്. ഇതിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് യാതൊരു കാര്യവുമില്ല. ബാബരി മസ്ജിദ് കേസിലെ തീരുമാനം സമുദായം സ്വീകരിച്ചതാണ്. അതി​നുശേഷം പ്രശ്നങ്ങളുണ്ടാകില്ലെന്നാണ് കരുതിയത്. എന്നാൽ, എന്നും പുതിയ സംഭവങ്ങൾ ഉണ്ടാവുകയാണ്. -അദ്ദേഹം തുടർന്നു.

‘മറ്റൊരു ഞെട്ടിക്കുന്ന സംഭവം’ എന്നാണ് അജ്മീർ വിഷയത്തിൽ പീപ്ൾസ് കോൺഫറൻസ് പ്രസിഡന്റ് സജാദ് ഗനി ലോൺ പ്രതികരിച്ചത്. നമ്മുടെ രാജ്യം എവി​ടേക്കാണ് നീങ്ങുന്നതെന്നും രാഷ്ട്രീയ നേട്ടത്തിനായി എന്തുമാകാമെന്ന സ്ഥിതിയായെന്നും രാജ്യസഭ എം.പി കപിൽ സിബൽ പറഞ്ഞു. സമാജ്‍വാദി പാർട്ടി എം.പി മുഹിബുല്ല നദ്‍വിയും സംഭവത്തെ അപലപിച്ചു.

Tags:    
News Summary - concern over Rajasthan court notice on Ajmer Sharif: ex-CJI opened Pandora’s box’-mehabooba mufti

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.