ഇംഫാൽ: മണിപ്പൂരിലെ ഇംഫാൽ താഴ്വരയിലെ ജില്ലകളിലും ജിരിബാമിലും വെള്ളിയാഴ്ച മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കും. കലാപം രൂക്ഷമായതിനു പിന്നാലെ അടച്ച സ്കൂളുകളിൽ 13 ദിവസത്തിനു ശേഷമാണ് ക്ലാസുകൾ പുനരാരംഭിക്കുന്നത്. മൂന്ന് സ്ത്രീകളുടെയും മൂന്ന് കുട്ടികളുടെയും മൃതദേഹം കണ്ടെത്തിയതിനു പിന്നാലെയാണ് മണിപ്പൂരിലെ കലാപം വീണ്ടും രൂക്ഷമായത്. സ്കൂളുകൾക്കു പുറമെ സംസ്ഥാനത്തെ കോളജുകളും സർവകലാശാലകളും ഇന്ന് മുതൽ സാധാരണ ഗതിയിലാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിച്ചു.
ജിരിബാമിൽ സുരക്ഷാ ഉദ്യോഗസ്ഥരും കുക്കി-സോ വിഭാഗക്കാരും തമ്മിൽ ഏറ്റുമുട്ടലും വെടിവെപ്പും ഉണ്ടായതോടെ നവംബർ 16നാണ് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചത്. ഏറ്റുമുട്ടലിൽ പത്ത് കലാപകാരികൾ കൊല്ലപ്പെട്ടു. പിന്നാലെ ആറ് മെയ്തെയ് വിഭാഗക്കാരെ തട്ടിക്കൊണ്ടുപോയി കൊന്ന് പുഴയിലൊഴുക്കി. ഇതോടെ സംഘർഷം രൂക്ഷമായി.
സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ ഇംഫാൽ താഴ്വരയിലും ജിരിബാമിലും ഏർപ്പെടുത്തിയ നിരോധനാജ്ഞ ഇതുവരെ പിൻവലിച്ചിട്ടില്ല. ഒമ്പത് ജില്ലകളിൽ മൊബൈൽ ഇന്റർനെറ്റിന് വിലക്കുണ്ട്. സ്കൂളുകൾ തുറന്ന പശ്ചാത്തലത്തിൽ നിയന്ത്രണത്തിൽ ഇളവ് വരുമോ എന്ന കാര്യം അധികൃതർ വ്യക്തമാക്കിയിട്ടില്ല. സൈന്യത്തിന് പ്രത്യേക അധികാരം നൽകുന്ന ‘അഫ്സ്പ’ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധഝവും സംസ്ഥാനത്ത് ശക്തമാണ്.
2023 മേയിൽ ആരംഭിച്ച കലാപത്തിൽ 250ലേറെ പേർക്ക് ജീവൻ നഷ്ടമായി. പതിനായിരക്കണക്കിനു പേർ പലായനം ചെയ്തു. ഈ മാസത്തെ അക്രമങ്ങളുടെ പേരിൽ 41 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.