ജമ്മു: 2019ലെ മിന്നലാക്രമണത്തെക്കുറിച്ചുള്ള ദിഗ് വിജയ് സിങ്ങിന്‍റെ വിവാദ പ്രസ്താവനയെ തള്ളി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ദിഗ് വിജയ് സിങ്ങിന്‍റെ കാഴ്ചപ്പാടല്ല പാർട്ടിയുടേതെന്ന് വ്യക്തമാക്കിയ രാഹുൽ, സൈന്യത്തിന് ഒന്നും തെളിയിക്കേണ്ട ആവശ്യമില്ലന്നും പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ജമ്മുവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദിഗ് വിജയ് സിങ്ങിന്‍റെ കാഴ്ചപ്പാടുകളോട് ഞങ്ങൾ വിയോജിക്കുന്നു. അവ പാർട്ടിയുടെ കാഴ്ചപ്പാടുകളല്ല. സായുധസേന അവരുടെ ജോലി മികച്ച രീതിയിൽ ചെയ്യുന്നുണ്ട്. അത് തെളിയിക്കേണ്ട ആവശ്യമില്ല -രാഹുൽ ഗാന്ധി പറഞ്ഞു. 2019ൽ പാകിസ്താനിൽ ഇന്ത്യൻ സൈന്യം നടത്തിയ മിന്നലാക്രമത്തിന്‍റെ ആധികാരികത കഴിഞ്ഞദിവസം ദിഗ് വിജയ് സിങ് ചോദ്യം ചെയ്തിരുന്നു.
മിന്നലാക്രമണം നടന്നതിന് തെളിവൊന്നുമില്ലെന്നും ആക്രമണം നടന്നുവെന്ന് കേന്ദ്രം അവകാശപ്പെടുകയാണ് ചെയ്തതെന്നുമായിരുന്നു ദിഗ്‍വിജയ് സിങ്ങിന്റെ പ്രസ്താവന. പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.