മുംബൈ: എൻ.സി.പി പിളർത്തി മഹാരാഷ്ട്രയിലെ എൻ.ഡി.എ ഭരണത്തിൽ ചേർന്ന ഉപമുഖ്യമന്ത്രി അജിത് പവാറും അദ്ദേഹത്തിന്റെ കൂടെയുള്ള ഏതാനും മന്ത്രിമാരും എൻ.സി.പി നേതാവ് ശരദ് പവാറിനെ സന്ദർശിച്ചു. വെള്ളിയാഴ്ച രാത്രി പവാറിന്റെ വസതിയായ സിൽവർ ഓക് അജിത് പവാർ സന്ദർശിച്ചതിന് പിറകെയാണ് ഈ നീക്കം. ജൂലൈ രണ്ടിന് ഏക്നാഥ് ഷിൻഡെ സർക്കാറിൽ ചേർന്നതിനുശേഷം ആദ്യമായാണ് അജിത് പവാറും സഹനേതാക്കളും ശരദ് പവാറിനെ കാണുന്നത്.
ഹസൻ മുഷ്റിഫ്, ഛഗൻ ഭുജ്ബൽ, അതിഥി തത്കരെ, ദിലിപ് വൽസെ പാട്ടീൽ എന്നീ മന്ത്രിമാരാണ് ശരദ് പവാറിനെ കാണാൻ അജിത് പവാറിനൊപ്പമുണ്ടായിരുന്നത്. സെക്രട്ടേറിയറ്റിന് സമീപത്തെ വൈ.ബി. ചവാൻ സെന്ററിലായിരുന്നു കൂടിക്കാഴ്ച. എൻ.സി.പി സംസ്ഥാന പ്രസിഡന്റ് ജയന്ത് പാട്ടീൽ, എൻ.സി.പി നേതാക്കളായ ജിതേന്ദ്ര ഔഹദ് തുടങ്ങിയവരും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.
തങ്ങളുടെ ‘ദൈവമായ’ പവാർ സാബിനെ കണ്ട് അനുഗ്രഹം തേടാനാണ് വന്നതെന്നും തങ്ങൾക്കൊപ്പംനിന്ന് നയിക്കണമെന്ന് ആവശ്യപ്പെട്ടതായും കൂടിക്കാഴ്ചക്കുശേഷം പ്രഫുൽ പട്ടേൽ പറഞ്ഞു. മുൻകൂർ അനുമതി തേടാതെ നേരിട്ട് പവാറിന്റെ അടുത്ത് ചെല്ലുകയായിരുന്നുവെന്നും തങ്ങളെ സശ്രദ്ധം കേട്ട പവാർ ഒന്നും പ്രതികരിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിമതർ ചെയ്ത തെറ്റിന് മാപ്പ് ചോദിക്കുകയും പരിഹാരമായി പോംവഴി തേടുകയുമാണ് ചെയ്തതെന്ന് ജയന്ത് പട്ടീൽ പറഞ്ഞു. ശരദ് പവാർ തങ്ങളെ നയിക്കണമെന്നാണ് അജിത് പവാറും കൂട്ടരും ആഗ്രഹിക്കുന്നതെന്നും അതുകൊണ്ടുതന്നെ കൂടിക്കാഴ്ചയിൽ ഒരു തെറ്റുമില്ലെന്നും ബി.ജെ.പി മുംബൈ യൂനിറ്റ് പ്രസിഡന്റ് ആശിഷ് ഷെലാർ പറഞ്ഞു.
ശരദ് പവാറിന്റെ ജ്യേഷ്ഠന്റെ മകനായ അജിത് വെള്ളിയാഴ്ച ദക്ഷിണ മുംബൈയിലെ പവാർ വസതിയായ ‘സിൽവർ ഓക്കി’ൽ എത്തി ശസ്ത്രക്രിയക്ക് വിധേയയായ പവാറിന്റെ പത്നി പ്രതിഭ പവാറിനെ കണ്ടിരുന്നു. രാഷ്ട്രീയം വേറെ, കുടുംബം വേറെ എന്നാണ് ഇതുസംബന്ധിച്ച് അജിത് പവാർ പ്രതികരിച്ചിരുന്നത്. ഈ സമയത്ത് ശരദ് പവാറും മകൾ സുപ്രിയ സുലെയും വീട്ടിലുണ്ടായിരുന്നുവെന്ന് സൂചനയുണ്ടായിരുന്നെങ്കിലും സ്ഥിരീകരണമില്ല.
അതേസമയം, എൻ.സി.പിയിലെ പിളർപ്പുമായി ബന്ധപ്പെട്ട് മറാത്തി പത്രമായ സകാൽ നടത്തിയ സർവേ ഫലം പുറത്തുവന്നതിന് പിന്നാലെയാണ് വിമതപക്ഷത്തിന്റെ പവാർ സന്ദർശനം. സർവേയിൽ 43.6 ശതമാനം പേർ ശരദ് പവാറിനെ പിന്തുണച്ചപ്പോൾ 23.1 ശതമാനം പേരാണ് അജിത് പവാറിനെ പിന്തുണച്ചത്. 56.8 ശതമാനം പേർ ബി.ജെ.പി സഖ്യത്തെ എതിർത്തപ്പോൾ 20.4 ശതമാനം പേരാണ് അനുകൂലിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.