ബംഗളൂരു: കോൺഗ്രസ് കർണാടക സംസ്ഥാന പ്രസിഡൻറ് ഡി.കെ. ശിവകുമാർ ടിപ്പു സുൽത്താന്റെ കുടുംബാംഗമാണെന്ന് ബി.ജെ.പി നേതാവും അസം മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വ ശർമ്മ. കർണാടകയിൽ കോൺഗ്രസ് അധികാരം തിരിച്ചുപിടിച്ചാൽ സംസ്ഥാനം പി.എഫ്.ഐയുടെ (പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ) താഴ്‌വരയായി മാറുമെന്നും ഹിമന്ത ആരോപിച്ചു. കർണാടകയിലെ ഗോണികൊപ്പയിൽ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അസം മുഖ്യമന്ത്രി.
അതിനിടെ, മതവൈരം വളർത്തി തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. ഇതിന്റെ ഭാഗമായി ടിപ്പു സുൽത്താന്‍റെ അന്ത്യവുമായി ബന്ധപ്പെട്ട നുണക്കഥയും ഇവർ പ്രചരിപ്പിക്കുന്നുണ്ട്. സംസ്ഥാനത്തെ പ്രമുഖ സമുദായമായ വൊക്കലിഗക്കാരിൽനിന്നുള്ള ഉരിഗൗഡ, നഞ്ചഗൗഡ എന്നിവരാണ് ടിപ്പുവിനെ വധിച്ചതെന്നാണ് നുണപ്രചാരണം. സംഘ്പരിവാർ സഹയാത്രികനായ അദ്ദണ്ഡ കരിയപ്പയുടെ ‘ടിപ്പു നിജ കനസുഗളു’ എന്ന നാടകത്തിലെ സാങ്കൽപിക കഥാപാത്രങ്ങളാണ് യഥാർഥത്തിൽ ഇവർ.
നാടകത്തിൽ ഇവർ ടിപ്പുവിനെ കൊല്ലുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്. ടിപ്പുവിന്റെ സൈന്യത്തിലും മറ്റുമായി നല്ലൊരു ശതമാനം വൊക്കലിഗക്കാരായിരുന്നു. കാലങ്ങളായി ഇരുവിഭാഗങ്ങളും സാഹോദര്യത്തോടെയാണ് കഴിയുന്നത്.
കുപ്രചാരണം നടത്തി ഇവർക്കിടയിൽ വിഭജനം ഉണ്ടാക്കുകയായിരുന്നു ബി.ജെ.പി ലക്ഷ്യം. എന്നാൽ, ടിപ്പുവിനെ ഏറെ ആദരവോടെ കാണുന്ന വൊക്കലിഗക്കാരിൽനിന്നുതന്നെ ഇതിനെതിരെ വ്യാപക എതിർപ്പുണ്ടായതോടെ സംഘ്പരിവാർ പ്രതിരോധത്തിലായി.
‘ഉരി ഗൗഡ-നഞ്ചെ ഗൗഡ’ എന്ന പേരിൽ സിനിമയെടുക്കുമെന്ന് ബി.ജെ.പി മന്ത്രിയും നിർമാതാവുമായ മുനിരത്ന പ്രഖ്യാപിച്ചിരുന്നുവെങ്കിലും വൊക്കലിഗ സമുദായത്തിന്‍റെ ആദി ചുഞ്ചനഗിരി മഠാധിപതി നിർമലാനന്ദ സ്വാമിയുടെ എതിർപ്പിനെ തുടർന്നാണ് പിന്മാറിയത്. കർണാടക ഫിലിം ചേംബർ ഓഫ് കോമേഴ്സിൽ രജിസ്റ്റർ ചെയ്ത് മുനിരത്നയുടെ കമ്പനിയായ വൃഷഭവതി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ആയിരുന്നു നിർമാണം പ്രഖ്യാപിച്ചിരുന്നത്. സമാധാനം തകർക്കുകയാണ് സംഘ്പരിവാർ ലക്ഷ്യമെന്ന് പറഞ്ഞ് സിനിമക്കെതിരെ മൈസൂരു മേഖലയിൽ വ്യാപക എതിർപ്പുയർന്നു. ‘വൊക്കലിഗര സംഘ’യും സിനിമക്കെതിരെ രംഗത്തുവന്നിരുന്നു.
കർണാടകയിൽ മുസ്‍ലിംകൾക്കുണ്ടായിരുന്ന നാലു ശതമാനം ഒ.ബി.സി സംവരണം എടുത്തുകളഞ്ഞ് വൊക്കലിഗർക്കും ലിംഗായത്തുകൾക്കും രണ്ടു വീതം സംവരണം വീതിച്ചുനൽകിയതും ഈ വിഭാഗങ്ങൾക്കിടയിൽ മുസ്‍ലിം വിദ്വേഷം വളർത്താനായിരുന്നു. എന്നാൽ, മറ്റുള്ളവർക്ക് അവകാശപ്പെട്ട സംവരണം എടുത്ത് തങ്ങൾക്ക് നൽകിയതിനെതിരെ ഈ വിഭാഗങ്ങൾക്കിടയിൽ നിന്നുതന്നെ എതിർസ്വരമുയർന്നതും ബി.ജെ.പിക്ക് തിരിച്ചടിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.