ബംഗളൂരു: നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ചന്നപട്ടണയിൽ മത്സരിക്കാനുള്ള സാധ്യതയെക്കുറിച്ച് സൂചന നൽകി കർണാടക ഉപമുഖ്യമന്ത്രിയും കെ.പി.സി.സി അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ.
ലോക്സഭ തെരഞ്ഞെടുപ്പിൽ ചന്നപട്ടണ ഉൾപ്പെടുന്ന ബംഗളൂരു റൂറൽ സീറ്റിൽ ശിവകുമാറിന്റെ സഹോദരൻ ഡി.കെ. സുരേഷ് വൻ തോൽവി വഴങ്ങിയതിന്റെ നാണക്കേട് മായ്ക്കാൻ ചന്നപട്ടണ തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം. ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സംബന്ധിച്ച് പാർട്ടിയുടെയും മണ്ഡലത്തിലെ ജനങ്ങളുടെയും തീരുമാനം അനുസരിക്കുമെന്ന് ഡി.കെ. ശിവകുമാർ പറഞ്ഞു. ബംഗളൂരുവിന്റെ സമീപ ജില്ലയായ രാമനഗരയിലാണ് ചന്നപട്ടണ. മണ്ഡലത്തിലെ എം.എൽ.എയായിരുന്ന ജെ.ഡി-എസിന്റെ എച്ച്.ഡി. കുമാരസ്വാമി മണ്ഡ്യയിൽനിന്ന് ലോക്സഭയിലേക്ക് വിജയിച്ചതോടെ എം.എൽ.എ സ്ഥാനം രാജിവെച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. തെരഞ്ഞെടുപ്പ് കമീഷൻ തീയതി പ്രഖ്യാപിച്ചിട്ടില്ല.
‘ചന്നപട്ടണ എന്റെ ഹൃദയത്തിലുണ്ട്. എനിക്ക് രാഷ്ട്രീയ പുനർജന്മം നൽകിയത് ചന്നപട്ടണയാണ്. മുമ്പ് സാത്തനൂർ മണ്ഡലത്തിന്റെ (ശിവകുമാർ മുമ്പ് പ്രതിനിധാനം ചെയ്ത മണ്ഡലം) ഭാഗമായിരുന്നു ചന്നപട്ടണ. ചന്നപട്ടണയെ ഞാൻ ഇഷ്ടപ്പെടുന്നു. എനിക്ക് സഹായിക്കണം. മാറ്റം കൊണ്ടുവരാൻ ഞാൻ ആഗ്രഹിക്കുന്നു. കനകപുരയിൽ താൻ ചെയ്ത വികസനങ്ങൾ ചന്നപട്ടണയിലും കൊണ്ടുവരാൻ ആഗ്രഹിക്കുന്നു’ -ശിവകുമാർ വ്യാഴാഴ്ച ബംഗളൂരുവിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. സഹോദരൻ ഡി.കെ. സുരേഷ് ചന്നപട്ടണയിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന്, അക്കാര്യം തീരുമാനിച്ചിട്ടില്ലെന്നായിരുന്നു മറുപടി. ബംഗളൂരു റൂറൽ എം.പിയായിരുന്ന ഡി.കെ. സുരേഷ് ബി.ജെ.പിയുടെ ഡോ. സി.എൻ. മഞ്ജുനാഥിനോട് അപ്രതീക്ഷിത തോൽവി വഴങ്ങിയത് കോൺഗ്രസിനെയും കെ.പി.സി.സി അധ്യക്ഷനായ ഡി.കെ. ശിവകുമാറിനെയും ഞെട്ടിച്ചിരുന്നു.
ചന്നപട്ടണയിലെ ഉപതെരഞ്ഞെടുപ്പിൽ ഡി.കെ. സുരേഷ് മത്സരിക്കുമെന്നാണ് പറഞ്ഞുകേട്ടിരുന്നതെങ്കിലും ഡി.കെ. ശിവകുമാർതന്നെ നേരിട്ട് കളത്തിലിറങ്ങാൻ പോകുന്നുവെന്നാണ് പുതിയ വിവരം. എച്ച്.ഡി. കുമാരസ്വാമിയുടെ തട്ടകമായ ചന്നപട്ടണ തിരിച്ചുപിടിച്ച് ജെ.ഡി-എസിന് ഉചിതമായ മറുപടി നൽകുകയാണ് ശിവകുമാറിന്റെ ലക്ഷ്യം.
ചന്നപട്ടണ സീറ്റിൽ ശിവകുമാർ വിജയിച്ചാൽ കനകപുര സീറ്റ് ഒഴിഞ്ഞ് അവിടെ ഡി.കെ. സുരേഷിനെ മത്സരിപ്പിക്കാനാണ് നീക്കമെന്നും അറിയുന്നു. 2008 മുതൽ കനകപുര എം.എൽ.എയാണ് ശിവകുമാർ. ബംഗളൂരു റൂറലിലെ തോൽവി മേഖലയിലെ ഡി.കെ സഹോദരന്മാരുടെയും കോൺഗ്രസിന്റെയും അപ്രമാദിത്വത്തിനുകൂടിയാണ് തടയിട്ടത്. മേഖലയിലെ സ്വാധീനം തിരിച്ചുപിടിക്കാൻ ചന്നപട്ടണയിൽ വിജയം അനിവാര്യമാണെന്നാണ് ശിവകുമാറിന്റെ കണക്കുകൂട്ടൽ. വരും ദിവസങ്ങളിൽ ചന്നപട്ടണയിൽ ക്ഷേത്രസന്ദർശനങ്ങളിൽ സജീവമാകുമെന്ന് സൂചിപ്പിച്ച ഡി.കെ. ശിവകുമാർ, മണ്ഡലത്തിലെ ജനങ്ങളുമായി സംസാരിക്കുമെന്നും അവരുടെയും പാർട്ടി നേതാക്കളുടെയും ആഗ്രഹമനുസരിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും വ്യക്തമാക്കി. ജെ.ഡി-എസ്-ബി.ജെ.പി സഖ്യത്തിന്റെ സ്ഥാനാർഥിയായി ചന്നപട്ടണ ഉപതെരഞ്ഞെടുപ്പിൽ എച്ച്.ഡി. കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമി മത്സരിക്കുമെന്നാണ് അഭ്യൂഹം. ബി.ജെ.പി നേതാവ് സി.പി. യോഗേശ്വറിന്റെ പേരും ഉയർന്നുകേൾക്കുന്നുണ്ട്. 2023 നിയമസഭ തെരഞ്ഞെടുപ്പിൽ നിഖിൽ കുമാരസ്വാമി രാമനഗരയിൽനിന്ന് മത്സരിച്ചിരുന്നെങ്കിലും കോൺഗ്രസ് സ്ഥാനാർഥിയോട് പരാജയപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.