ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്രക്കൊപ്പം ചേർന്ന് ഡി.എം.കെ എം.പി കനിമൊഴി. ഹരിയാനയിലെ ഖേർലി ലാലയിൽ വെച്ചാണ് കനിമൊഴി യാത്രയുടെ ഭാഗമായത്. ഇന്ത്യയുടെ വൈവിധ്യം ആഘോഷിക്കുന്ന പദയാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് കനിമൊഴി ട്വീറ്റ് ചെയ്തു. ഭാരത് ജോഡോ യാത്രയുടെ ചിത്രങ്ങളും കനിമൊഴി ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്.
നേരത്തെ മുൻ ആർ.ബി.ഐ ഗവർണർ രഘുറാം രാജൻ, തുഷാർ ഗാന്ധി, മേധാപട്കർ, ബോളിവുഡ് താരം സ്വര ഭാസ്കർ, സാമൂഹിക പ്രവർത്തകൻ ഹർഷ് മന്ദർ, ശിവസേന നേതാവും മഹാരാഷ്ട്ര എം.എൽ.എയുമായ ആദിത്യ താക്കറെ തുടങ്ങി നിരവധി പ്രമുഖർ ഭാരത് ജോഡോ യാത്രയുടെ ഭാഗമായിരുന്നു. നടനും മക്കൾ നീതി മയ്യം (എം.എൻ.എം) പാർട്ടി അധ്യക്ഷനുമായ കമൽഹാസനും ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
അതേസമയം, പദയാത്ര ഡൽഹിയിലേക്ക് പ്രവേശിക്കാനിരിക്കെ ഭാരത് ജോഡോ യാത്രയിൽ കോവിഡ് പ്രോട്ടോകോൾ പാലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ രാഹുൽ ഗാന്ധിക്ക് കത്തെഴുതി. എന്നാൽ, യാത്ര നിർത്താനുള്ള കേന്ദ്ര സർക്കാരിന്‍റെ ശ്രമാണിതെന്ന് കോൺഗ്രസ് ആരോപിച്ചു.
യാത്രയിൽ പങ്കെടുക്കുന്നവർ മാസ്ക് ധരിക്കുമെന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. സെപ്റ്റംബർ ഏഴിനാണ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കന്യാകുമാരിയിൽ നിന്ന് ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.