ചണ്ഡീഗഡ്: ട്വന്‍റി 20 ലോകകപ്പിൽ പാകിസ്താൻ വിജയിച്ചതിന് പടക്കം പൊട്ടിച്ചവരുടെ ഡി.എൻ.എ ഇന്ത്യക്കാരുടേതായിരിക്കില്ലെന്ന് ഹരിയാന ആരോഗ്യമന്ത്രി അനിൽ വിജ്. സ്വന്തം നാട്ടിൽ ഒളിഞ്ഞിരിക്കുന്ന ഇത്തരം രാജ്യദ്രോഹികൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും അനിൽ വിജ് പറഞ്ഞു.
'ക്രിക്കറ്റ് മത്സരത്തിൽ പാകിസ്താൻ വിജയിച്ചപ്പോൾ പടക്കം പൊട്ടിച്ചവരുടെ ഡി.എൻ.എ ഇന്ത്യക്കാരുടേതായിരിക്കില്ല. നമ്മുടെ സ്വന്തം വീട്ടിൽ ഒളിഞ്ഞിരിക്കുന്ന ഇത്തരം രാജ്യദ്രോഹികൾക്കെതിരെ ജാഗ്രത പാലിക്കണം' -വിജ് ഹിന്ദിയിൽ ട്വീറ്റ് ചെയ്തു.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരത്തിനുശേഷം കശ്മീരി വിദ്യാർഥികൾക്കുനേരേ ആക്രമണമുണ്ടായതിന് പിന്നാലെയായിരുന്നു അനിൽ വിജിന്‍റെ പ്രതികരണം.
സംഭവത്തിൽ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. 'മെഹബൂബ മുഫ്തിയുടെ ഡി.എൻ.എയും തകരാറിലാണ്. അവർ എത്രത്തോളം ഇന്ത്യക്കാരിയാണെന്ന് തെളിയിക്കണം' -മെഹബൂബ മുഫ്തിയുടെ ട്വീറ്റിന് മറുപടിയായി വിജ് പറഞ്ഞു.
പഞ്ചാബിലെ കോളജുകളിലാണ് വ്യാപകമായി അക്രമ സംഭവങ്ങൾ അരങ്ങേറിയത്. പഞ്ചാബിലെ സംഗ്രൂർ ജില്ലയിലെ ഭായ് ഗുരുദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ് ആൻഡ് ടെക്നോളജിയിലെ വിദ്യാർഥികൾക്ക് മർദനമേൽക്കുകയായിരുന്നു. ഹോസ്റ്റലിനകത്തുനിന്നുള്ള ആക്രമണത്തിന്‍റെ വീഡിയോകൾ വിദ്യാർഥികൾ തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ഖറാറിലെ റയാത്ത് ബഹ്റത് സർവകലാശാലയിൽ നിന്നും സമാനമായ റിപ്പോർട്ടുകൾ പുറത്തുവന്നു.
മത്സരത്തിൽ ഇന്ത്യ തോറ്റതിന് പിന്നാലെ പേസ് ബൗളർ മുഹമ്മദ് ഷമിക്കെതിരെ വൻതോതിൽ വംശീയ ആക്രമണവും ഉയർന്നിരുന്നു. ട്വന്‍റി20 ലോകകപ്പിൽ പാകിസ്താനോട് ഇന്ത്യ തോറ്റതിൽ ടീമിന് മൊത്തം ഉത്തരവാദിത്തം ഉണ്ടായിരുന്നിട്ടും ഷമിക്ക് നേരെ മാത്രമായിരുന്നു സൈബർ ആക്രമണം. ഷമിയെ രാജ്യദ്രോഹി എന്ന തരത്തിൽ ചിത്രീകരിക്കുന്ന ട്രോളുകൾ ചിലർ സോഷ്യൽ മീഡിയയിൽ പടച്ചുവിട്ടു.ഇന്ത്യ ഉയർത്തിയ 152 റൺസ് വിജയലക്ഷ്യം 13 പന്തുകൾ ശേഷിക്കേ വിക്കറ്റ് നഷ്ടപ്പെടുത്താതെ പാക് ഓപണർമാർ അടിച്ചെടുക്കുകയായിരുന്നു. 3.5 ഓവറിൽ 44 റൺസ് വഴങ്ങി ഷമി നിറംമങ്ങിയ ദിനമായിരുന്നു ഞായറാഴ്ച.
ടീം ഒന്നടങ്കം ശരാശരി പ്രകടനം മാത്രമാണ് പുറത്തെടുത്തതെങ്കിലും ട്രോളൻമാർ ലക്ഷ്യം വെച്ചത് ഷമിയെയായിരുന്നു. എന്നാൽ വിദ്വേഷ പോസ്റ്റുകൾ വന്നതിന് പിന്നാലെ നിരവധി ആരാധകരും സചിൻ ടെണ്ടുൽക്കർ, വീരേന്ദർ സേവാഗ്, ഇർഫാൻ പത്താൻ, ഹർഭജൻ സിങ് എന്നിവരടക്കമുള്ള താരങ്ങളും ഷമിക്ക് പിന്തുണയുമായെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.