നിങ്ങളുടെ ജോലി നന്നായി ചെയ്യുക; മറ്റുള്ളവരെ ജോലി ചെയ്യാൻ അനുവദിക്കുക -മോദിസർക്കാരിനെതിരെ അരവിന്ദ് കെജ്രിവാൾ

ന്യൂഡൽഹി: കേന്ദ്രസർക്കാർ എല്ലാവിഭാഗവുമായും കലഹിച്ചുകൊണ്ടിരിക്കുകയാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ. സംസ്ഥാനങ്ങൾ, ജഡ്ജിമാർ, കർഷകർ, വ്യാപാരികൾ...തുടങ്ങി എല്ലാവരുമായും യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്രം. മറ്റുള്ളവരുടെ ജോലിയിൽ മോദി സർക്കാർ കൈകടത്തരുതെന്നും കെജ്രിവാൾ ഉപദേശിച്ചു.

ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട കൊളീജിയം വിഷയത്തിൽ മോദിസർക്കാരും സുപ്രീംകോടതിയും തമ്മിലുള്ള കലഹത്തെ കുറിച്ച് പരാമർശിക്കവെയായിരുന്നു കെജ്‍രിവാളിന്റെ അഭിപ്രായം. എല്ലാവരുമായി കലഹിച്ചുകൊണ്ട് സർക്കാരിന് മുന്നോട്ടുപോകാനാവില്ല. നിങ്ങൾ നിങ്ങളുടെ ജോലി ചെയ്യുക,മറ്റുള്ളവരെ അവരുടെ ജോലി ചെയ്യാൻ അനുവദിക്കുക. മറ്റുള്ളവരുടെ ജോലികളിൽ ഒരിക്കലും ഇടപെടരുത്-കെജ്രിവാൾ ട്വീറ്റ് ചെയ്തു.

ലഫ്.ഗവർണറുടെ നിയമനമടക്കമുള്ള വിഷയങ്ങളിൽ ഡൽഹിയിലെ എ.എ.പി സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്. സ്‌കൂൾ അധ്യാപകരെ ഫിൻലൻഡിലേക്ക് പരിശീലനത്തിന് അയക്കാനുള്ള തന്റെ സർക്കാരിന്റെ നിർദേശം അംഗീകരിക്കുന്നതിൽ കാലതാമസം വരുത്തിയെന്നാരോപിച്ച് കഴിഞ്ഞ മാസം കെജ്‌രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും എ.എ.പി എം.എൽ.എമാരും രാജ് നിവാസിലേക്ക് മാർച്ച് നടത്തിയിരുന്നു.

അടുത്തിടെ ഡൽഹിയിലെ മദ്യ അഴിമതി കേസിൽ കുറ്റപത്രം സമർപ്പിച്ച എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ (ഇ.ഡി) കേന്ദ്രം ''സർക്കാരുകളെ അട്ടിമറിക്കാനും എം‌.എൽ‌.എമാരെ വിലയ്‌ക്കെടുക്കാനും" ഉപയോഗിച്ചുവെന്നും കെജ്രിവാൾ ആരോപിച്ചു.

Tags:    
News Summary - Do your job and let others do their jobs says Arvind Kejriwal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.