മെഡിക്കൽ കോളജുകളിലെ സുരക്ഷ: മാർ​ഗനിർദേശങ്ങൾ പുറത്തിറക്കി

ന്യൂഡൽഹി: രാജ്യത്തെ മെഡിക്കൽ കോളജുകളിൽ സുരക്ഷ ഉറപ്പാക്കാൻ മാർ​ഗനിർദേശങ്ങൾ പുറത്തിറക്കി ദേശീയ മെഡിക്കൽ കമീഷൻ. പശ്ചിമ ബംഗാളിൽ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാവുന്നതിന് പിന്നാലെയാണ് നടപടി.

മെഡിക്കൽ കോളജുകളിലെ അധ്യാപകർ, വിദ്യാർഥികൾ, റസിഡന്റ് ഡോക്ടർമാർ എന്നിവർക്ക് സുരക്ഷിതമായി ജോലിചെയ്യാനുള്ള സൗകര്യം ഒരുക്കണമെന്ന് ദേശീയ മെഡിക്കൽ കമീഷൻ പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നു. ഒ.പി.ഡി, കാമ്പസ്, ഹോസ്റ്റലുകൾ, ക്വാർട്ടേഴ്സുകൾ എന്നിവിടങ്ങളിൽ സുരക്ഷ ഉറപ്പാക്കണം. ആവശ്യമായ സ്ഥലങ്ങളിൽ സി.സി ടി.വി അടക്കമുള്ള സുരക്ഷാ സംവിധാനങ്ങൾ സജ്ജമാക്കണം; സുരക്ഷാ ഉദ്യോഗസ്ഥരെയും നിയോഗിക്കണം. അക്രമസംഭവങ്ങളിൽ കോളജ് അധികൃതർ അന്വേഷണം നടത്തണമെന്നും നിർബന്ധമായും എഫ്.ഐ.ആർ രജിസ്റ്റ‌ർ ചെയ്യണമെന്നും നിർദേശത്തിൽ പറയുന്നു. അക്രമസംഭവങ്ങൾ സംബന്ധിച്ച വിവരങ്ങൾ രണ്ട് ദിവസത്തിനകം ദേശീയ മെഡിക്കൽ കമീഷന് റിപ്പോർട്ട് ചെയ്യാനും നിർദേശമുണ്ട്. 

സി.ബി.ഐ അന്വേഷണം സ്വാഗതം ​ചെയ്ത് കേന്ദ്രം

ന്യൂഡൽഹി: കൊൽക്കത്ത ബലാത്സംഗക്കൊലപാതകത്തിൽ അന്വേഷണം സി.ബി.ഐക്ക് കൈമാറിയ കോടതി നടപടി സ്വാഗതം ചെയ്ത് കേന്ദ്ര സർക്കാർ. ചൊവ്വാഴ്ച കൊൽക്കത്ത ഹൈകോടതി കേസിൽ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സംഭവം നടുക്കമുളവാക്കുന്നതാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ പറഞ്ഞു. ഒരു വനിതാ മുഖ്യമന്ത്രിയുണ്ടായിട്ടുകൂടി സ്ത്രീസുരക്ഷ ഉറപ്പുവരുത്തുന്നതിൽ സംസ്ഥാനത്തിനായില്ലെന്നത് ഗൗരമായി കാണുന്നു. സംഭവം മറച്ചുവെക്കാനാണ് സംസ്ഥാനത്തിന്റെ ശ്രമമെന്നും നഡ്ഡ ആരോപിച്ചു. മെഡിക്കൽ അസോസിയേഷൻ പ്രതിനിധികളുമായി കൂടിക്കാഴ്ചക്കുശേഷം സംസാരിക്കുകയായിരുന്നു നഡ്ഡ. സി.ബി.ഐ അന്വേഷണത്തിൽ സത്യം പുറത്തുവരുമെന്നാണ് വിശ്വസിക്കുന്നത്. ഡോക്ടർമാർക്കെതിരായ ആക്രമണങ്ങളിൽ ആരോഗ്യ മന്ത്രാലയവും നടപടി ഉറപ്പുവരുത്തും. ബംഗാളിലെ ക്രമസമാധാനം തകർന്നിരിക്കുകയാണെന്നും നഡ്ഡ പറഞ്ഞു.  

Tags:    
News Summary - Doctor Murder Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.