മുംബൈ: വളർത്തുനായ്ക്കായി എയർ ഇന്ത്യ വിമാനത്തിലെ മുഴുവൻ ബിസിനസ് ക്ലാസ് സീറ്റുകളും ബുക്ക് ചെയ്ത് ഇന്ത്യൻ വ്യവസായി. എ.ഐ 671 എയർ ഇന്ത്യ വിമാനത്തിൽ ബുധനാഴ്ച രാവിലെയായിരുന്നു നായുടെ ആഡംബര യാത്ര.
മുംബൈയിൽനിന്ന് ചെന്നൈ വരെ രണ്ടുമണിക്കൂർ യാത്രക്കായി 2.5 ലക്ഷം രൂപയാണ് നായുടെ ഉടമ മുടക്കിയത്. വളർത്തുനായ്ക്കായി മുഴുവൻ ബിസിനസ് ക്ലാസ് ടിക്കറ്റുകളും വാങ്ങിയ വ്യവസായിയുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. എയർ ഇന്ത്യ മുംബൈ -ചെന്നൈ യാത്രയുടെ ഒരു ബിസിനസ് ക്ലാസ് ടിക്കറ്റിന് 20,000 രൂപയാണ്. ഇതിൽ 12 സീറ്റുകളും ഉൾപ്പെടും. തന്‍റെ നായ് യാതൊരു ബുദ്ധിമുട്ടുകളും കൂടാതെ സഞ്ചരിക്കാനാണ് വ്യവസായി മുഴുവൻ ടിക്കറ്റുകളും വിലക്കെടുത്തതെന്നാണ് വിവരം.
എയർ ഇന്ത്യ ബിസിനസ് ക്ലാസ് ടിക്കറ്റിൽ മുമ്പും വളർത്തുനായ്ക്കൾ യാത്ര ചെയ്തിട്ടുണ്ട്. എന്നാൽ ആദ്യമായാണ് ഒരു നായ്ക്കായി മുഴുവൻ ബിസിനസ് ക്ലാസ് ടിക്കറ്റുകളും വാങ്ങുന്നത്.
പാസഞ്ചർ കാബിനിൽ വളർത്തുമൃഗങ്ങളെ അനുവദിക്കുന്ന ഏക ഇന്ത്യൻ വിമാന കമ്പനിയാണ് എയർ ഇന്ത്യ. ഒരു വിമാനത്തിൽ പരമാവധി രണ്ടു വളർത്തുമൃഗങ്ങളെയാണ് ഇരുത്തുക. അവസാന നിരയിലെ രണ്ടുവരികളാണ് വളർത്തുമൃഗങ്ങൾക്കായി അനുവദിക്കുക. കഴിഞ്ഞവർഷം ജൂൺ മുതൽ സെപ്റ്റംബർ വരെ എയർ ഇന്ത്യ 2000 വളർത്തുമൃഗങ്ങളുമായി ആഭ്യന്തര യാത്രകൾ നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.