കോവിഡ് മഹാമാരിക്കിടെ പാരസെറ്റമോൾ ടാബ്‌ലറ്റ് ഡോളോയുടെ നിർമാതാക്കൾക്കെതിരെ ഗുരുതര ആരോപണവുമായി മെഡിക്കൽ സംഘടന. ടാബ്‌ലറ്റ് രോഗികൾക്ക് കുറിച്ചുകൊടുക്കുന്നതിനായി നിർമാതാക്കൾ ആയിരം കോടി രൂപയുടെ സൗജന്യങ്ങൾ ഡോക്ടർമാർക്ക് കൈക്കൂലി നൽകിയെന്നാണ് ഫെഡറേഷൻ ഓഫ് മെഡിക്കൽ ആൻഡ് സെയിൽസ് റപ്രസന്റേറ്റീവ് അസോസിയേഷൻ ഓഫ് ഇന്ത്യ സുപ്രിം കോടതിയിൽ ആരോപിച്ചത്. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബഞ്ചിന് മുമ്പാകെ മുതിർന്ന അഭിഭാഷകൻ സഞ്ജയ് പരേഖാണ് വാദമുന്നയിച്ചതെന്ന് 'ഇന്ത്യ ടുഡേ' റിപ്പോർട്ടു ചെയ്തു.
'ആയിരം കോടി രൂപയിലേറെ വില വരുന്ന സൗജന്യങ്ങളാണ് ഡോളോ -650 ടാബ്‌ലറ്റിന്റെ നിർമാതാക്കൾ ഡോക്ടർമാർക്ക് നൽകിയത്. യുക്തിപരമല്ലാത്ത ഡോസ് കോംബിനേഷനോടു കൂടെയാണ് ഡോക്ടർമാർ ടാബ്ലറ്റ് രോഗികൾക്ക് നിർദേശിച്ചത്' -സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സി.ബി.ഡി.ടി)യുടെ റിപ്പോർട്ട് ഉദ്ധരിച്ച് പരേഖ് വാദിച്ചു.
വാദം കേട്ട ജസ്റ്റിസ് ചന്ദ്രചൂഢ്, 'നിങ്ങൾ പറയുന്നത് സംഗീതമായല്ല ശ്രവിക്കുന്നത്. ഈ ഗുളിക എനിക്ക് കോവിഡ് വന്നപ്പോൾ കഴിച്ചതാണ്' എന്നാണ് പ്രതികരിച്ചത്. ജസ്റ്റിസ് ചന്ദ്രചൂഢിന് പുറമേ, ജസ്റ്റിസ് എ.എസ് ബൊപ്പണ്ണയും ബഞ്ചിൽ അംഗമാണ്. ഇന്ത്യയിൽ വിൽക്കപ്പെടുന്ന മരുന്നുകളുടെ വില, ഡ്രഗ് ഫോർമുലേഷൻ എന്നിവയിൽ ആശങ്ക അറിയിച്ച് ഫെഡറേഷൻ ഓഫ് മെഡിക്കൽ ആൻഡ് സെയിൽസ് റെപ്രസന്റേറ്റീവ്‌സ് അസോസിയേഷനാണ് സുപ്രിംകോടതിയിൽ പൊതുതാത്പര്യ ഹരജി സമർപ്പിച്ചത്.
പൊതുതാത്പര്യ ഹരജിയിൽ ഒരാഴ്ചക്കകം തങ്ങളുടെ ഭാഗം അറിയിക്കാൻ സുപ്രിംകോടതി കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടു. പത്തു ദിവസത്തിനകം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. 'ഇത് ഗുരുതരമായ വിഷയമാണ്. ഇതിനെ ശത്രു സ്വഭാവമുള്ള നിയമവ്യവഹാരമായി കാണാനാകില്ല' -ബഞ്ച് പറഞ്ഞു.
650 മില്ലിഗ്രാം (എം.ജി) പാരസെറ്റമോൾ ഉപയോഗിച്ച് നിർമിക്കുന്ന ടാബ്‌ലറ്റാണ് ഡോളോ -650. മറ്റു ബ്രാൻഡുകളുടെ 500 എം.ജി ടാബ്‌ലറ്റുകളേക്കാൾ ഫലപ്രദമാണ് തങ്ങളുടേത് എന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്. കോവിഡിന്റെ പൊതു ലക്ഷണമായ പനിയും വേദനയും കുറക്കാൻ ഡോക്ടർമാർ പൊതുവിൽ നിർദേശിച്ച ടാബ്‌ലറ്റായിരുന്നു ഇത്.
ഫോബ്‌സിലെ ഒരു ലേഖനത്തിൽ വന്ന കണക്കുപ്രകാരം 2020ൽ കോവിഡ് ആരംഭിച്ചതു മുതൽ ഇന്ത്യയിൽ 350 കോടി ഡോളോ -650 ഗുളികകൾ വിറ്റു പോയിട്ടുണ്ട്. വർഷത്തിൽ 400 കോടിയായിരുന്നു നിർമാതാക്കളുടെ വരുമാനം. "ഫാർമ കമ്പനികൾ നൽകുന്ന സൗജന്യങ്ങൾക്ക് പകരമായി ഡോക്ടർമാർ അനാവശ്യ ഫാർമസ്യൂട്ടിക്കൽസ് നിർദ്ദേശിക്കുന്നു. ഈ പ്രശ്നം പരിഹരിക്കാനാണ് യു.സി.പി.എം.പി കോഡ് സൃഷ്ടിച്ചത്. ഭീഷണി അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്" -ഹിയറിംഗിന് ശേഷം 'ഇന്ത്യാ ടുഡേ'യോട് സംസാരിക്കവേ, സഞ്ജയ് പരീഖ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.