ന്യൂഡൽഹി: റിപ്പബ്ലിക്ദിന ആഘോഷത്തിൽ മുഖ്യാതിഥിയാവാനുള്ള ഇന്ത്യയുടെ ക്ഷണം അമേരിക്കൻ പ്രസിഡൻറ് ഡോണള്‍ഡ് ട്രംപ‌് നിരസിച്ചു. ഇതുസംബന്ധിച്ച് യു.എസ‌് അധികൃതർ ദേശീയ സുരക്ഷ ഉപദേഷ‌്ടാവ‌് അജിത‌് ഡോവലിനെ രേഖാമൂലം അറിയിച്ചു.
അമേരിക്കൻ എതിര്‍പ്പ് അവഗണിച്ച് റഷ്യൻ മിസൈൽ രക്ഷാകവചം വാങ്ങുന്നതും ഇറാൻ എണ്ണ ഇറക്കുമതി ചെയ്യാൻ ഇന്ത്യ തീരുമാനിച്ചതും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിച്ചിരുന്നു. എന്നാൽ, ജനുവരിയില്‍ അമേരിക്കയിൽ നടക്കുന്ന സ്‌റ്റേറ്റ് ഓഫ് യൂനിയന്‍ അഡ്രസിൽ പങ്കെടുക്കേണ്ടതിനാലാണ‌് ക്ഷണം നിരസിക്കുന്നതെന്നാണ് വൈറ്റ്ഹൗസ് നല്‍കുന്ന വിശദീകരണം.
കഴിഞ്ഞ ഏപ്രിലിലാണ‌് റിപ്പബ്ലിക്ദിന ചടങ്ങിലേക്ക‌് മുഖ്യാതിഥിയായി ഇന്ത്യ ഔദ്യോഗികമായി ട്രംപിനെ ക്ഷണിച്ചത്. ഇക്കാര്യം വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയും വ്യക്തമാക്കിയിരുന്നു.
ഇന്ത്യ-അമേരിക്ക പ്രതിരോധ, വിദേശ മന്ത്രിമാർ പങ്കെടുത്ത സെപ്റ്റംബറിലെ യോഗത്തിനുശേഷമായിരിക്കും ക്ഷണം സ്വീകരിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കൂവെന്ന് യു.എസ‌് അറിയിച്ചിരുന്നു. അതേസമയം, ക്ഷണം നിരസിച്ചത് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.