റാഞ്ചി: സംസ്ഥാനത്തിനുള്ള 1.36 ലക്ഷം കോടി രൂപയുടെ കൽക്കരി കുടിശ്ശിക തീർക്കാൻ കേന്ദ്രത്തോട് കൂപ്പുകൈകളോടെ അഭ്യർഥിച്ച് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ. ജാർഖണ്ഡ് തെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും സംസ്ഥാനം സന്ദർശിക്കാനിരിക്കെയാണ് സോറന്റെ അഭ്യർഥന. ജാർഖണ്ഡിൽ നവംബർ നാലിന് മോദി രണ്ട് റാലികളിലും നവംബർ മൂന്നിന് ഷാ മൂന്ന് പൊതുയോഗങ്ങളിലും സംസാരിക്കും.
‘പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ജാർഖണ്ഡിലേക്ക് വരുന്നു. ജാർഖണ്ഡുകാർക്കുള്ള 1.36 ലക്ഷം കോടി രൂപയുടെ കൽക്കരി കുടിശ്ശിക തീർക്കാൻ ഞാൻ ഒരിക്കൽ കൂടി അവരോട് കൂപ്പുകൈകളോടെ അഭ്യർത്ഥിക്കുന്നു. ഈ തുക ജാർഖണ്ഡിന് നിർണായകമാണ്’- സോറൻ എക്‌സിൽ പോസ്റ്റ് ചെയ്തു. തുക അനുവദിക്കാൻ സൗകര്യമൊരുക്കണമെന്ന് അദ്ദേഹം ബി.ജെ.പി എംപിമാരോടും അഭ്യർത്ഥിച്ചു. ‘കോൾ ഇന്ത്യ’ പോലെയുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ കുടിശ്ശിക സംസ്ഥാനത്തിന് അവകാശപ്പെട്ടതാണെന്ന് ഊന്നിപ്പറഞ്ഞ സോറൻ ഇത് അനുവദിക്കാത്തത് ജാർഖണ്ഡിന്റെ വികസനത്തിന് പരിഹരിക്കാനാകാത്ത ദോഷം ഉണ്ടാക്കുന്നുവെന്നും അറിയിച്ചു.
പ്രധാനമന്ത്രിക്ക് അയച്ച കത്തിന്റെ പകർപ്പും പോസ്റ്റിനൊപ്പം പങ്കിട്ടു. ‘ജാർഖണ്ഡ് മുഖ്യമന്ത്രിയായ ഹേമന്ത് സോറൻ, സംസ്ഥാനത്തിന്റെ വികസന പാതയിൽ തടസ്സങ്ങൾ സൃഷ്ടിക്കുന്ന ഗുരുതരമായ ഒരു വിഷയത്തിലേക്ക് താങ്കളുടെ ശ്രദ്ധ ക്ഷണിക്കുകയാണ്. കൽക്കരി കമ്പനികളിൽ നിന്നുള്ള ഞങ്ങളുടെ കുടിശ്ശിക 1.36 ലക്ഷം കോടി രൂപയാണ്. നിയമത്തിലെ വ്യവസ്ഥകളും ജുഡീഷ്യൽ വിധിന്യായങ്ങളും ഉണ്ടായിരുന്നിട്ടും കൽക്കരി കമ്പനികൾ പണം നൽകുന്നില്ല... താങ്കളുടെ ഓഫിസ്, ധനകാര്യ മന്ത്രാലയം, നീതി ആയോഗ് എന്നിവയുൾപ്പെടെ വിവിധ വേദികളിൽ ഈ കാര്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. എന്നാൽ കുടിശ്ശിക തുകയായ 1.36 ലക്ഷം കോടി രൂപ ഇതുവരെ അടച്ചിട്ടില്ല’ -സോറൻ പ്രധാനമന്ത്രിക്കുള്ള കത്തിൽ എഴുതി.
ഖനനവും റോയൽറ്റി കുടിശ്ശികയും പിരിക്കാനുള്ള സംസ്ഥാനത്തിൻ്റെ അവകാശം സ്ഥിരീകരിക്കുന്നതാണ് ഒമ്പതംഗ സുപ്രീംകോടതി ബെഞ്ചിൻ്റെ സമീപകാല വിധി. കുടിശ്ശിക തീർക്കാത്തതിനാൽ ജാർഖണ്ഡിൻ്റെ വികസനവും അത്യാവശ്യ സാമൂഹിക-സാമ്പത്തിക പദ്ധതികളും തടസ്സപ്പെടുകയാണെന്നും സോറൻ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.