ന്യൂഡൽഹി: വെനസ്വേലയിലെ നടക്കുന്ന ഫാസിസത്തിനെതിരായ പാർലമെന്റേറിയൻ ഫോറത്തിൽ പങ്കെടുക്കുന്നതിന് രാജ്യസഭ അംഗം വി.ശിവദാസന് അനുമതി നിഷേധിച്ച കേന്ദ്രസർക്കാർ നടപടിയെ അപലപിച്ച് സി.പി.എം പോളിറ്റ് ബ്യൂറോ. പാർലമെന്റേറിയൻ ഫോറത്തിൽ പങ്കെടുക്കാൻ വെനസ്വേല സർക്കാറിൽ നിന്നും ലഭിച്ച ക്ഷണത്തിന്റെ അടിസ്ഥാനത്തിൽ സി.പി.എമ്മിനെ പ്രതിനിധീകരിക്കാൻ ശിവദാസനെയാണ് പാർട്ടി നിർദേശിച്ചത്. ഇതനുസരിച്ച് ശിവദാസന് എഫ്.സി.ആർ.എ അനുമതി ലഭിച്ചിട്ടും വിദേശകാര്യ മന്ത്രാലയം രാഷ്ട്രീയ അനുമതി നിഷേധിച്ചത് പാർലമെന്റ് അംഗത്തിന്റെ അവകാശങ്ങളുടെ ഗുരുതരമായ ലംഘനമാണെന്ന് സി.പി.എം കുറ്റപ്പെടുത്തി.
ഭരണകക്ഷിയുടെ നിലപാടുകളുമായി പൊരുത്തപ്പെടാത്ത ഏത് ശബ്ദത്തെയും അടിച്ചമർത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ വിവേചനപരമായ നടപടി. വ്യത്യസ്‌ത അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതിൽ നിന്ന് പ്രതിപക്ഷ ശബ്ദങ്ങളെ തടയുന്ന സർക്കാരിന്റെ രാഷ്ട്രീയ വിവേചന നയം എല്ലാ പ്രതിപക്ഷ പാർട്ടികൾക്കും അവരുടെ പാർലമെന്റ് അംഗങ്ങൾക്കും ആശങ്കാജനകമാണ്. ജനാധിപത്യവിരുദ്ധ നിലപാടിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും പോളിറ്റിബ്യൂറോ പ്രസ്താവനയിൽ വ്യക്തമാക്കി.
വിദേശ സർക്കാറുകളുമായി ബന്ധപ്പെട്ട പരിപാടികളിൽ പങ്കെടുക്കാൻ എഫ്.സി.ആർ.എ ക്ലിയറൻസ് അടക്കം നിയമപരമായ എല്ലാ നടപടികളും പൂർത്തിയാക്കിയിട്ടും പൊളിറ്റിക്കൽ ക്ലിയറൻസ് നിഷേധിച്ചത് ബി.ജെ.പി സർക്കാറിന്റെ ജനാധിപത്യ വിരുദ്ധ നിലപാടിന്റെ പ്രതിഫലനമാണെന്ന് ഡോ. വി ശിവദാസൻ എം.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.