അഗ്നിപഥ്: റെയിൽവെയുടെ വസ്തുക്കൾ നശിപ്പിക്കരുതെന്ന അഭ്യർഥനയുമായി റെയിൽവെ മന്ത്രി

ന്യൂഡൽഹി: അഗ്നിപഥിനെതിരെ പ്രതിഷേധം ശക്തമായിരിക്കെ റെയിൽവെയുടെ വസ്തുവകകൾ നശിപ്പിക്കരുതെന്ന് പ്രതിഷേധക്കാരോട് അഭ്യർഥിച്ച് കേന്ദ്ര റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവ്. അക്രമാസക്തമായ പ്രതിഷേധത്തിൽ ഏർപ്പെടരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

'റെയിൽവെ നമ്മുടെ ദേശീയ സ്വത്താണ് അതുകൊണ്ട് തന്നെ അതിന് നാശമുണ്ടാവാതെ നോക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. അക്രമാസക്തമായ ഒരു പ്രതിഷേധത്തിലും ഏർപ്പെടരുതെന്നും സ്വത്ത് നശിപ്പിക്കരുതെന്നും ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. റെയിൽ‌വേ രാജ്യത്തിന്റെ സ്വത്താണ്, ഇത് നിങ്ങളെ സേവിക്കാനായി ഉള്ളതാണ്'- അദ്ദേഹം വാർത്താ ഏജൻസിയോട് പറഞ്ഞു.

അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം കനക്കുകയാണ്. പലയിടത്തും പ്രതിഷേധക്കാർ ട്രെയിനുകൾ കത്തിച്ചിരുന്നു. നേരത്തെ ബീഹാറിലെ സമസ്തിപൂരും ലഖിസറായിലും പ്രതിഷേധക്കാർ ട്രെയിൻ കംപാർട്ട്മെന്‍റുകൾ കത്തിച്ചിരുന്നു. ഇതുവരെ 12 ട്രെയിനുകൾക്കാണ് പ്രതിഷേധക്കാർ തീയിട്ടത്. പ്രതിഷേധത്തെ തുടർന്ന് നിരവധി ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.

യുവാക്കളെ നാലു വർഷക്കാലത്തേക്ക് സൈനിക സേവനത്തിന്റെ ഭാഗമാക്കുന്നതാണ് അഗ്നിപഥ് പദ്ധതി. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും കര, നാവിക, വ്യോമസേന മേധാവികളും ചേർന്നാണ് ചൊവ്വാഴ്ചയാണ് അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ചത്. അഗ്നിപഥ് പദ്ധതിയിലൂടെ സ്ഥിരനിയമനത്തിനുള്ള അവസരവും പെൻഷൻ ഉൾപ്പെടെയുള്ള ആനൂകൂല്യങ്ങളും നഷ്ടമാകുമെന്ന് ചൂണ്ടിക്കാട്ടി യുവാക്കൾ പ്രതിഷേധവുമായി രംഗത്തെത്തി. പലയിടത്തും പ്രതിഷേധം അക്രമാസക്തമാവുകയായിരുന്നു.  

Tags:    
News Summary - Don't Damage Rail Property: Railway Minister To Agnipath Protesters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.