'അയാളെ അറിയില്ല': അൽ-ഖാഇദ മേധാവിയുടെ അഭിപ്രായത്തിൽ കർണാടക വിദ്യാർഥിയുടെ പിതാവ്

കർണാടകയിൽ സംഘ്പരിവാർ-ഹിന്ദുത്വ തീവ്രവാദ സംഘടനകൾ ഹിജാബ് ധരിച്ച് വിദ്യാലയങ്ങളിൽ എത്തിയ പെൺകുട്ടികളെ ആക്രമിച്ച് തിരിച്ചയച്ച് കൊണ്ടിരിക്കുന്നതിനിടെ അതിനെ ഒറ്റക്ക് സധൈര്യം ചെറുത്ത കോളജ് വിദ്യാർഥിനിയായ മുസ്കാൻ ഖാൻ എന്ന പെൺകുട്ടി ലോക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് മുസ്കാന് അഭിനന്ദനങ്ങളും ലഭിച്ചിരുന്നു.

മാധ്യമങ്ങളിലെ ചർച്ചകളിൽ പ​ങ്കെടുത്ത് മുസ്കാൻ നടത്തിയ അഭിപ്രായ പ്രകടനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിഷയം ഇപ്പോൾ മറ്റൊരു തലത്തിൽ ചർച്ചക്ക് എത്തിയിരിക്കുകയാണ്. മുസ്കാനെ അഭിനന്ദിച്ചുകൊണ്ട് കഴിഞ്ഞ ദിവസം അൽ-ഖാഇദ നേതാവ് അയ്മൻ അൽ സവാഹിരിയുടേത് എന്ന പേരിൽ ഒരു വീഡിയോ പുറത്തുവന്നിരുന്നു. വീഡിയോ പുറത്തുവന്നതിന് ശേഷം മുസ്കാനും കുടുംബത്തിനുമെതിരെ രൂക്ഷ പ്രതികരണവുമായി ഹിന്ദുത്വ തീവ്രവാദ സംഘങ്ങൾ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇപ്പോൾ വീഡിയോക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുസ്കാന്റെ പിതാവ്.

ഭീകര സംഘടനാ നേതാവിന്റെ പ്രസ്താവന തെറ്റാണെന്നും കുടുംബം ഇന്ത്യയിൽ സമാധാനത്തോടെ ജീവിച്ചുവരികയാണെന്നും പിതാവ് മാധ്യമങ്ങളെ അറിയിച്ചതായി എൻ.ഡി ടി.വി റിപ്പോർട്ട് ചെയ്തു.

ഇത്തരം സംഭവങ്ങൾ കുടുംബത്തിന്റെ സമാധാനം കെടുത്തുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം സത്യാവസ്ഥ കണ്ടെത്താൻ പൊലീസിനും സംസ്ഥാന സർക്കാരിനും ഏത് അന്വേഷണവും ആരംഭിക്കാമെന്നും പറഞ്ഞു.

"ഞങ്ങൾക്ക് വീഡിയോയെ പറ്റി ഒന്നും അറിയില്ല. അയാൾ ആരാണെന്ന് ഞങ്ങൾക്ക് അറിയില്ല. ഞാൻ ഇന്ന് അയാളെ ആദ്യമായി കാണുന്നു. അയാൾ അറബിയിൽ എന്തോ പറഞ്ഞിട്ടുണ്ട്. ഞങ്ങളെല്ലാം ഇവിടെ സ്നേഹത്തോടെയും വിശ്വാസത്തോടെയും സഹോദരങ്ങളെപ്പോലെയാണ് ജീവിക്കുന്നത്" -സവാഹിരിയുടെ വീഡിയോയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി മുഹമ്മദ് ഹുസൈൻ ഖാൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

മുസ്‌കാനെ പുകഴ്‌ത്തിയ സവാഹിരിയെ കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു -"ആളുകൾ അവർക്കാവശ്യമുള്ളതെന്തും പറയുന്നു. ഇത് അനാവശ്യമായി പ്രശ്‌നമുണ്ടാക്കുന്നു. ഞങ്ങൾ നമ്മുടെ രാജ്യത്ത് സമാധാനത്തോടെയാണ് ജീവിക്കുന്നത്. അയാൾ ഞങ്ങളെക്കുറിച്ച് സംസാരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. കാരണം അയാൾക്ക് ഞങ്ങളുമായി ബന്ധമില്ല. നമ്മൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമമാണ്''. മുസ്കാൻ ഒരു വിദ്യാർഥിനിയാണെന്നും അവൾക്ക് പഠിക്കാൻ ആഗ്രഹമുണ്ടെന്നും പിതാവ് പറഞ്ഞു. 

Tags:    
News Summary - "Don't Know Him": Karnataka Student's Father On Al-Qaeda Chief's Comments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.