കൽക്കരി മോഷണക്കേസ്: മമതയുടെ ബന്ധു അഭിഷേക് ബാനർജിയെ ചോദ്യം ചെയ്യാൻ ഇ.ഡിക്ക് അനുമതി

ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ കൽക്കരി മോഷണക്കേസിൽ മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവനും തൃണമൂൽ കോൺഗ്രസ് എം.പിയുമായ അഭിഷേക് ബാനർജിയെ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് സുപ്രീം കോടതിയുടെ അനുമതി. അഭിഷേക് ബാനർജിയെ ചോദ്യം ചെയ്യാൻ കേന്ദ്ര അന്വേഷണ ഏജൻസിയുമായി സഹകരിക്കണമെന്നും ഉദ്യോഗസ്ഥർക്ക് സംരക്ഷണം നൽകണമെന്നും സുപ്രീം കോടതി ബംഗാൾ സർക്കാറിനോട് നിർദേശിച്ചു. കൊൽക്കത്തയിൽ വെച്ച് ചോദ്യം ചെയ്യുന്നതിന് 24 മണിക്കൂർ മുമ്പെങ്കിലും അന്വേഷണ ഏജൻസി അഭിഷേകിനെ വിവരം അറിയിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.

ബംഗാൾ സർക്കാരുമായി ബന്ധപ്പെട്ട് എന്തെങ്കിലും തടസം അനുഭവപ്പെട്ടാൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് സുപ്രീം കോടതിയിൽ വരാൻ അനുമതിയുണ്ട്. സർക്കാർ സംവിധാനത്തിന്റെ ഏതെങ്കിലും തരത്തിലുള്ള തടസങ്ങളും ഇടപെടലുകളും വെച്ചുപൊറുപ്പിക്കില്ലെന്ന് ജസ്റ്റിസ് യു.യു ലളിതിന്റെ ബെഞ്ച് വ്യക്തമാക്കി.

സമൻസുകൾക്ക് മറുപടി നൽകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അന്വേഷണ ഏജൻസി നൽകിയ പരാതിയിൽ അഭിഷേകിന്‍റെ ഭാര്യ റുജിറ ബാനർജിക്കെതിരെ ഡൽഹി കോടതി പുറപ്പെടുവിച്ച വാറന്‍റ് സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. ബംഗാൾ കൽക്കരി അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലെ പ്രതികളിലൊരാളാണ് റുജിറ ബാനർജി.

കൽക്കരി കുംഭകോണത്തിൽ ഡയമണ്ട് ഹാർബറിൽ എം.പി അഭിഷേക് ബാനർജിക്ക് പങ്കുണ്ടെന്ന് ബി.ജെ.പി ദീർഘകാലമായി ആരോപിച്ചിരുന്നു. 'കൽക്കരി കള്ളൻ' എന്നാണ് പാർട്ടി അദ്ദേഹത്തെ വിശേഷിപ്പിച്ചത്. എന്നാൽ, തൃണമൂൽ നേതാക്കളെ ദ്രോഹിക്കാൻ ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നുവെന്ന് മമത ബാനർജിയും പാർട്ടി സഹപ്രവർത്തകരും ആരോപിച്ചിരുന്നു.

Tags:    
News Summary - "Don't Obstruct": Supreme Court To Bengal On Trinamool Leader's Questioning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.