പഞ്ചാബിൽ രണ്ടു മാസവും ഡൽഹിയിൽ രണ്ടാഴ്ചയോളവും തുടർച്ചയായി സമരം ചെയ്തിട്ടും പഞ്ചാബികളുടെ നിശ്ചയദാർഢ്യത്തിനും സമരവീര്യത്തിനും ഒരു കുലുക്കവുമില്ലാത്തതിെൻറ കാരണം ചോദിച്ചപ്പോൾ പഞ്ചാബിലെ റോപറിൽനിന്നെത്തിയ ജഗ്പ്രീത് സിങ് സിംഘു അതിർത്തിയിലിരുന്ന് ഒരു കഥയാണ് പറഞ്ഞത്. ഭീരുവായ മനുഷ്യനെ വിഷമില്ലാത്ത പാമ്പുകടിച്ചു. പേടിച്ചുപേടിച്ച് ആ മനുഷ്യൻ മരിച്ചു. ധീരനായ മറ്റൊരാളെ കൊടുംവിഷമുള്ള പാമ്പു കടിച്ചു. അയാൾ ജീവനോടെ ബാക്കിയാവുകയും ചെയ്തു. ഭയമില്ലാത്തവരെ ജീവിതത്തിൽ തോൽപിക്കാനാവില്ലെന്ന ഗുണപാഠവും ജഗ്വീർ പറഞ്ഞു.
നരേന്ദ്ര മോദി ഏത് ചങ്ങാതിക്ക് വേണ്ടിയാണോ ഈ കരിനിയമങ്ങളുണ്ടാക്കിയത്, ആ ചങ്ങാതിപോലും പേടിച്ചുപോയ സമരമാണിതെന്ന് ജഗ്പ്രീത് സിങ് തുടർന്നു. രണ്ടു മാസമായി പഞ്ചാബിൽ സമരം നടത്തുന്ന കർഷകരുടെ രോഷം തനിക്കെതിരെ തിരിയുമെന്ന് മനസ്സിലാക്കിയാണ് പഞ്ചാബിലെ റിലയൻസ് പമ്പുകളും റിലയൻസ് ഫ്രഷ് ഷോറൂമുകളും അംബാനി അടച്ചിട്ടത്. കഴിഞ്ഞ രണ്ടു മാസമായി അടച്ചിട്ട റിലയൻസ് പമ്പുകളും ഫ്രഷുകളും ദീപാവലിക്കുപോലും തുറന്നിട്ടില്ല. അംബാനിയുടെ യൂറിയയുടെ ചരക്കുനീക്കം മാത്രമാണിപ്പോൾ പഞ്ചാബിൽ മുടങ്ങാത്തത്. കർഷകരുടെ സമരം മോദിക്കും അയാളുടെ ചങ്ങാതിമാരായ കോർപറേറ്റുകൾക്കുമെതിരാണെന്ന് അംബാനി മനസ്സിലാക്കിയിട്ടുണ്ട്. അതിനാൽ പഞ്ചാബിൽ അംബാനിയെ താഴിട്ടുപൂട്ടിയ ഞങ്ങളെ പേടിപ്പിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും കരുതരുത്. അംബാനിയുടെയും അയാളെ പോലുള്ള കോർപറേറ്റുകളുടെയും സംഭരണശാലകൾ ഞങ്ങൾക്കു വേണ്ട. സർക്കാറിേൻറതുതന്നെ മതി.
ഹരിയാനയിൽ പഞ്ചാബി കർഷകർക്കു നേരെ പൊലീസ് കാണിച്ച അതിക്രമങ്ങൾ കണ്ടാണ് രണ്ടു മാസമായി സമരത്തിനിറങ്ങാത്ത സിഖുകാരുടെ സായുധ പരിശീലനം ലഭിച്ച സന്യാസികളായ നിഹാംഗുകൾ ഡൽഹിയിലെത്തിയതെന്ന് തരൺ ദീപ് സിങ് പറഞ്ഞു. അതിക്രമങ്ങളിൽനിന്ന് സംരക്ഷണം നൽകാനാണ് അവർ വന്നത്. ഞങ്ങളെക്കാൾ ധീരരാണവർ. ഇനി ഞങ്ങളുടെ സമരം തീർന്നിട്ടല്ലാതെ നിഹാംഗുകളും തിരിച്ചുപോകില്ല.
പഞ്ചാബിലെ സമരംകൊണ്ടും കരിനിയമങ്ങൾ പിൻവലിക്കാതിരുന്നപ്പോഴാണ് ഞങ്ങൾ ഡൽഹിയിലേക്ക് വരാൻ തീരുമാനിച്ചത്. രണ്ടു മാസം പഞ്ചാബിൽ സമരം ചെയ്തിട്ട് ഞങ്ങളുടെ ദേഹത്ത് ഒരു പൊലീസുകാരൻ പോലും സ്പർശിച്ചിട്ടില്ല. എന്നാൽ, ഡൽഹിയിലേക്കുള്ള വഴിയിൽ ഹരിയാനയിലെത്തിയപ്പോൾ ഖട്ടർ സർക്കാറും പൊലീസും അതിക്രൂരമായി ഞങ്ങളെ നേരിട്ടു. എന്നാൽ, ഹരിയാനയിലെ മനുഷ്യർ ഞങ്ങൾക്കൊപ്പംനിന്നു. ഞങ്ങൾക്ക് ഭക്ഷണം പോലും അവർ വെച്ചുവിളമ്പിത്തന്നു. ഇപ്പോൾ ഞങ്ങളോടൊപ്പം അവർ സമരത്തിൽ ചേർന്നിരിക്കുന്നു.
ഭയം രക്തത്തിലില്ലാത്ത ഞങ്ങളെ പേടിപ്പിച്ച് ഓടിക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിയപ്പോഴാണ് അവർ കോവിഡ് ഭീഷണി പുറത്തെടുത്തതെന്ന് സംസാരിക്കണമെന്നുണ്ടെങ്കിൽ മുഖത്തെ മാസ്ക് അഴിച്ചുമാറ്റണമെന്ന് ആദ്യംതന്നെ ഉപാധിവെച്ച ജഗ്പ്രീത് സിങ് പറഞ്ഞു. സമരം ചെയ്യുന്ന കർഷകർക്ക് കോവിഡ് പേടി ഇല്ലാത്തതുകൊണ്ടാണ് മാസ്കിടാത്തതെന്നും ഇങ്ങനെ പേടിച്ച് നിങ്ങൾക്ക് ജീവിക്കാനാവില്ലെന്നും ജഗ്പ്രീത് ഓർമിപ്പിച്ചു. കോവിഡിനെ പേടിക്കാത്തവർ അക്കാരണം പറഞ്ഞ് സ്ത്രീകളെയും കുട്ടികളെയും മുതിർന്നവരെയും സമരത്തിൽനിന്ന് തിരിച്ചയക്കണമെന്ന് പറഞ്ഞാൽ അതെങ്ങനെ അംഗീകരിക്കാനാണെന്ന് ജഗ്്പ്രീത് ചോദിച്ചു.
മടങ്ങിപ്പോയിട്ട് ഞങ്ങളെന്തു ചെയ്യാനാണെന്ന് രഞ്ചോഡ് സിങ് ചോദിച്ചു. ആകെക്കൂടി ഞങ്ങൾക്ക് ചെയ്യാനുള്ളത് കൃഷിയാണ്. അതു നശിപ്പിക്കുന്നത് തടയാനാണ് വന്നിരിക്കുന്നത്. നവംബർ 24ന് വീട്ടിൽനിന്നിറങ്ങിയതാണ്. മൂന്നു ദിവസം ഹരിയാനയിൽ കുടുങ്ങി. ഒടുവിൽ പാനിപ്പത്തിലും സോനിപ്പത്തിലും പൊലീസ് ബാരിക്കേഡുകൾ ഭേദിച്ചാണ് സിംഘുവിലെത്തിയത്. ആറു മാസത്തേക്കുള്ള ഭക്ഷ്യധാന്യം കൊണ്ടുവന്ന ഞങ്ങൾക്ക് സമരം 11 ദിവസം പിന്നിട്ടിട്ടും ഒരു ദിവസത്തേക്കു പോലും അതിൽനിന്നെടുക്കേണ്ടി വന്നില്ല. ഗുരുദ്വാരകളും യുനൈറ്റഡ് സിഖ് സൊസൈറ്റിയും ഡൽഹി ഗുരുദ്വാരാ പ്രബന്ധക് കമ്മിറ്റിയും മറ്റനേകം സന്നദ്ധ സംഘങ്ങളും വ്യക്തികളും ഞങ്ങളെ ഊട്ടുകയാണെന്നും രഞ്ചോഡ് സിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.