ന്യൂഡൽഹി: തനിക്കെതിരെ ഒരു കുറ്റവും ചുമത്താൻ കഴിയാത്ത സാഹചര്യത്തിൽ ഗോരഖ്പുർ ബി.ആർ.ഡി മെഡിക്കൽ കോളജിലെ തെൻറ ജോലി തിരികെ നൽകണമെന്ന് ഡോ. കഫീൽഖാൻ ആവശ്യപ്പെട്ടു. ഇൗ ആവശ്യമുന്നയിച്ച് കഫീൽഖാൻ മെഡിക്കൽ കോളജ് പ്രിൻസിപ്പലിന് കത്തെഴുതി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ തട്ടകമായ ഗോരഖ്പുരിലെ ആശുപത്രിയിൽ ഒാക്സിജൻ വിതരണം നിർത്തിവെച്ചതിനെ തുടർന്നുണ്ടായ കൂട്ട ശിശുഹത്യയുടെ പേരിൽ ബലിയാടാക്കിയ കഫീൽഖാനെ യു.പി പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടർന്ന് സസ്പെൻഡ് ചെയ്യുകയായിരുന്നു.
ആശുപത്രിയിൽ ഒാക്സിജൻ വിതരണം ചെയ്യുന്ന കമ്പനി അത് നിർത്തിവെച്ചപ്പോൾ സ്വന്തം പണംമുടക്കി സിലിണ്ടറുകൾ വരുത്തി നിരവധി കുരുന്നു ജീവനുകൾ രക്ഷിക്കുകയാണ് ഡോ. കഫീൽഖാൻ ചെയ്തത്. എന്നാൽ, ഇൗ വിവരം പുറത്തായതിനാണ് യോഗി ആദിത്യനാഥ് കഫീൽഖാനോടും ആശുപത്രിയിലെ മറ്റു ഡോക്ടർമാരോടും പ്രതികാര നടപടി സ്വീകരിച്ചത്.
സ്വന്തം ചെലവിൽ സിലിണ്ടറുകൾ വാങ്ങി ഹീറോ ആയില്ലേ, താൻ കാണിച്ചുതരാമെന്ന് യോഗി ആദിത്യനാഥ് ആശുപത്രിയിൽവെച്ച് പരസ്യമായി വെല്ലുവിളിച്ച സംഭവവും അന്ന് നടന്നിരുന്നു. ശിശുരോഗ വിഭാഗത്തിൽ അസി. െലക്ചറർ പദവിയിലായിരുന്നു ഡോ. കഫീൽ ജോലി ചെയ്തിരുന്നത്. കഴിഞ്ഞ ആഗസ്റ്റ് 22നാണ് സർവിസിൽനിന്ന് സസ്െപൻഡ് ചെയ്തത്.
എട്ടുമാസത്തെ ജയിൽവാസത്തിനുശേഷം കുറ്റപത്രം പോലും സമർപ്പിക്കാതെവന്നപ്പോൾ കഴിഞ്ഞമാസം 24ന് അലഹബാദ് ഹൈകോടതി ഡോ. കഫീലിന് ജാമ്യം നൽകി. കഫീൽഖാനൊപ്പം അറസ്റ്റ് ചെയ്ത ഡോ. സതീശ് കുമാറിനും ഒമ്പതുമാസത്തെ തടവിനുശേഷം ജാമ്യം ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.