മുംബൈ: മഹാരാഷ്ട്രയിലെ നാല് ക്ഷേത്രങ്ങളിൽ ഭക്തർക്കായി ഡ്രസ് കോഡ് ഏർപ്പെടുത്തി. മഹാരാഷ്ട്ര മന്ദിർ മഹാസംഘ (മഹാരാഷ്ട്രയിലെ ക്ഷേത്രങ്ങളുടെ ഫെഡറേഷൻ) സംസ്ഥാനത്തുടനീളമുള്ള ക്ഷേത്രങ്ങളിൽ ഭക്തർക്കായി ഡ്രസ് കോഡ് ഏർപ്പെടുത്തിയതായി സംഘടനയുടെ കോ-ഓർഡിനേറ്റർ സുനിൽ ഘൻവത് അറിയിച്ചു. ഫെബ്രുവരിയിൽ ജൽഗാവിൽ നടന്ന മഹാരാഷ്ട്ര ടെമ്പിൾ ട്രസ്റ്റ് കൗൺസിൽ യോഗത്തിന് ശേഷമാണ് ഈ തീരുമാനം കൈക്കൊണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ക്ഷേത്രങ്ങളുടെ പവിത്രത സംരക്ഷിക്കുക എന്നതാണ് സംഘടനയുടെ പ്രാഥമിക ലക്ഷ്യമെന്നും ഇത്തരം ഡ്രസ് കോഡുകൾ പല ക്ഷേത്രങ്ങളിലും നിലവിലുണ്ടെന്നും സുനിൽ ഘൻവത് അഭിപ്രായപ്പെട്ടു.
ധന്തോളിയിലെ ഗോപാൽകൃഷ്ണ ക്ഷേത്രം, ബെല്ലോരിയിലെ സങ്കത്മോചൻ പഞ്ച്മുഖി ഹനുമാൻ ക്ഷേത്രം (സാവോനർ), കനോലിബാരയിലെ ബൃഹസ്പതി ക്ഷേത്രം, നഗരത്തിലെ കുന്നിൻപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ദുർഗമാതാ ക്ഷേത്രം എന്നിവിടങ്ങളിൽ വെള്ളിയാഴ്ച മുതൽ ഈ തീരുമാനം നടപ്പാക്കിയിരിക്കുകയാണ്.
സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിലും ഡ്രസ് കോഡ് നടപ്പാക്കാൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരോട് അഭ്യർഥിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ഒസ്മാനാബാദ് ജില്ലയിലെ തുൾജാ ഭവാനി ക്ഷേത്രത്തിന്റെ പരിസരത്ത് ഷോർട്ട്സും ബർമുഡയും പോലുള്ള വസ്ത്രങ്ങൾ നിരോധിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ സംഭവം വിവാദമായതിനെ തുടർന്ന് മണിക്കൂറുകൾക്കകം ഉത്തരവ് പിൻവലിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.