നാഗ്പൂർ: എഞ്ചിനീയറിങ് വിദ്യാർഥി മദ്യലഹരിയിൽ ഓടിച്ച കാർ ഫുട്പാത്തിൽ ഉറങ്ങുകയായിരുന്ന ആളുകൾക്കിടയിലേക്ക് ഇടിച്ചുകയറി രണ്ടുപേർക്ക് ദാരുണാന്ത്യം. നാഗ്പൂരിലെ ദിഘോരിയിലാണ് സംഭവം. എഞ്ചിനീയറിംഗ് വിദ്യാർഥി ഭൂഷൺ ലഞ്ചേവാറിനെ നാഗ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു.
ഫുട്പാത്തിൽ ഉറങ്ങുകയായിരുന്ന ആളുകൾക്കിടയിലേക്ക് വണ്ടി ഇടിച്ചുകയറ്റുകയായിരുന്നു. സംഭവത്തിൽ കാന്തിഭായ് ഗജോദ് ബാഗ്ദിയ (42), സീതാറാം ബാബുലാൽ ബാഗ്ദിയ (30) എന്നീ സ്ത്രീകളാണ് മരിച്ചത്. തിങ്കാളാഴ്ച പുലർച്ചെ 12.40ന് നടന്ന അപകടത്തിൽ നാല് കുട്ടികളടക്കം ഏഴ് പേർക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു. കവിതാ സീതാറാം ബാഗ്ദിയ (28), ബൽകു സീതാറാം ബാഗ്ദിയ (8), ഹസീന സീതാറാം ബാഗ്ദിയ (3), സക്കീന സീതാറാം ബാഗ്ദിയ (2), ഹനുമാൻ ഖജോദ് ബാഗ്ദിയ (35), വിക്രം ഭൂഷ ഹനുമാൻ ബാഗ്ദിയ (10) എന്നിവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷപ്പെട്ട രാജേന്ദ്ര ബാബുലാൽ ബാഗ്ദിയുടെ മൊഴി പ്രാകാരം, എട്ട് മാസം മുമ്പാണ് ഇവർ നാഗ്പൂരിൽ എത്തിയത്. അത്താഴം കഴിഞ്ഞ് ഫുട്പാത്തിൽ എല്ലാവരും ഉറങ്ങുകയായിരുന്നു. വേഗത്തിൽ വന്ന വാഹനം ഫുട്പാത്തിൽ കിടക്കുന്ന ആളുകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഡ്രൈവർ ഭൂഷൺ ലഞ്ചേവാറും മറ്റ് അഞ്ച് യാത്രക്കാരും മദ്യപിച്ച നിലയിൽ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ലഞ്ചേവാറിനെ പിന്നീട് പിടികൂടിയത്. ഫുട്പാത്തിൽ താമസിക്കുന്ന ഭൂരിഭാഗം പേരും കളിപ്പാട്ടങ്ങൾ വിറ്റ് ജീവിക്കുന്നവരാണ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും മോട്ടോർ വാഹന നിയമത്തിലെയും വകുപ്പുകൾ പ്രകാരമാണ് ലഞ്ചേവാറിനെതിരെ കേസെടുത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.