ന്യൂഡൽഹി: പ്രധാന ട്രാവൽ ബുക്കിങ് കമ്പനിയായ ‘ഓയോ’ ഹോട്ടലുകൾക്കായി പുതിയ ചെക്ക് ഇൻ പോളിസി നടപ്പിലാക്കുന്നു. ഈ വർഷം പ്രാബല്യത്തിൽ വരുന്ന മാർഗനിർദേശങ്ങൾ അനസുരിച്ച് അവിവാഹിതരായ ദമ്പതികൾക്ക് ഇനി ഹോട്ടലുകളിൽ ചെക്ക് ഇൻ ചെയ്യാൻ കഴിയില്ല.
പുതുക്കിയ നയമനുസരിച്ച് ചെക്ക്-ഇൻ സമയത്ത് എല്ലാ ദമ്പതികളോടും പരസ്പര ബന്ധത്തിന്റെ സാധുതയുള്ള തെളിവ് ഹാജരാക്കാൻ ആവശ്യപ്പെടും. പ്രാദേശിക സാമൂഹിക ‘സെൻസിബിലിറ്റി’ക്ക് അനുസൃതമായി ദമ്പതികളുടെ ബുക്കിങ് നിരസിക്കാൻ തങ്ങളുടെ പങ്കാളികളായ ഹോട്ടലുകളുടെ വിവേചനാധികാരത്തിന് OYO അധികാരം നൽകിയിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.
ഇത് ഉടൻ പ്രാബല്യത്തിൽ വരുമെന്ന് ഉറപ്പാക്കാൻ മീററ്റിലെ ഹോട്ടലുകൾക്ക് OYO നിർദേശം നൽകി. ഫീഡ്‌ബാക്ക് അടിസ്ഥാനമാക്കി കമ്പനി ഇത് കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിച്ചേക്കുമെന്ന് നയം മാറ്റവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.
കുടുംബങ്ങൾക്കും വിദ്യാർഥികൾക്കും വ്യവസായികൾക്കും വിശ്വാസികളായ യാത്രക്കാർക്കും സുരക്ഷിതമായ അനുഭവം പ്രദാനം ചെയ്യുന്ന ഒരു ബ്രാൻഡായി സ്വയം പ്രൊജക്റ്റ് ചെയ്യാനും കാലഹരണപ്പെട്ട ധാരണയെ മാറ്റാനുമുള്ള ഒയോയുടെ പരിപാടിയുടെ ഭാഗമാണ് ഈ സംരംഭമെന്ന് കമ്പനി അറിയിച്ചു. കൂടാതെ, ഉപഭോക്തൃ വിശ്വസ്ത വർധിപ്പിക്കാനും കൂടുതൽ സമയം താമസിക്കുന്നതും ആവർത്തിച്ചുള്ള ബുക്കിങുകകൾ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു.
‘ഈ പ്രശ്നം പരിഹരിക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മീററ്റിലെ സിവിൽ സൊസൈറ്റി ഗ്രൂപ്പുകളിൽ നിന്ന് OYOക്ക് മുമ്പ് ഫീഡ്‌ബാക്ക് ലഭിച്ചിരുന്നു. കൂടാതെ, മറ്റ് ചില നഗരങ്ങളിൽ നിന്നുള്ള താമസക്കാർ അവിവാഹിതരായ ദമ്പതികളെ OYO ഹോട്ടലുകളിൽ ചെക്ക്-ഇൻ ചെയ്യാൻ അനുവദിക്കരുതെന്ന് അപേക്ഷിച്ചിട്ടുമുണ്ട്’- അവർ പറഞ്ഞു.
‘സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമായ ആതിഥ്യ മര്യാദകൾ ഉയർത്തിപ്പിടിക്കാൻ OYO പ്രതിജ്ഞാബദ്ധമാണ്. വ്യക്തിസ്വാതന്ത്ര്യത്തെ ഞങ്ങൾ മാനിക്കുമ്പോൾ തന്നെ നിയമപാലകരോടും പൗര സമൂഹത്തോടും ഒപ്പം പ്രവർത്തിക്കാനുള്ള ഉത്തരവാദിത്തവും തിരിച്ചറിയുന്നു. ഈ നയവും അതിൻ്റെ സ്വാധീനവും ആനുകാലികമായി അവലോകനം ചെയ്യുന്നത് തുടരും’- അവർ അറിയിച്ചു.
പൊലീസുമായും ഹോട്ടൽ പങ്കാളികളുമായും ചേർന്ന് സുരക്ഷിതമായ ആതിഥ്യമര്യാദയെക്കുറിച്ചുള്ള സംയുക്ത സെമിനാറുകൾ, അധാർമിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ഹോട്ടലുകളെ കരിമ്പട്ടികയിൽ പെടുത്തൽ, OYO ബ്രാൻഡിംഗ് ഉപയോഗിക്കുന്ന അനധികൃത ഹോട്ടലുകൾക്കെതിരെ നടപടികൾ ആരംഭിക്കൽ തുടങ്ങിയ നീക്കങ്ങളും OYO ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.