പട്ന: കടുത്ത രാഷ്ട്രീയ ഭിന്നിപ്പുകൾക്ക് പിന്നാലെ ലോക് ജനശക്തി പാർട്ടി (എൽ.ജെ.പി) ഇനി രണ്ടു പേരുകളിൽ അറിയപ്പെടും. ചിരാഗ് പാസ്വാൻ പക്ഷവും ചിരാഗിന്‍റെ അമ്മാവനായ പശുപതി പരസ് പക്ഷവും ഇനി ലോക്ജനശക്തി പാർട്ടിയെന്ന് അറിയപ്പെടില്ല.
ചിരാഗ് പാസ്വാൻ പക്ഷം ലോക് ജനശക്തി പാർട്ടി (രാം വിലാസ്), പശുപതി പക്ഷം രാഷ്ട്രീയ ലോക് ജനശക്തി പാർട്ടിയെന്നും അറിയപ്പെടും.
ഇരുപാർട്ടികൾക്കും തെരഞ്ഞെടുപ്പ് കമീഷൻ ചിഹ്നം അനുവദിക്കുകയും ചെയ്തു. ലോക് ജനശക്തി പാർട്ടി (രാം വിലാസ്)ക്ക് ഹെലികോപ്ടറും രാഷ്ട്രീയ േലാക് ജനശക്തി പാർട്ടിക്ക് തയ്യൽ മെഷീനുമാണ് ചിഹ്നമായി അനുവദിച്ചത്. ഇക്കാര്യം തെരഞ്ഞെടുപ്പ് കമീഷൻ ബീഹാർ ചീഫ് ഇലക്ടറൽ ഓഫിസറെ അറിയിക്കുകയും ചെയ്തു.
ഉപതെരഞ്ഞെടുപ്പിൽ ഇവ രണ്ട് പ്രാദേശിക പാർട്ടികളായി പരിഗണിക്കണമെന്ന് റിേട്ടണിങ് ഓഫിസറോട് നിർദേശിച്ചു. പാർട്ടി പിളർന്നതോടെ ചിരാഗ് പാസ്വാനും അമ്മാവൻ പശുപതി പരസും നേർക്കുനേർ ഇനിമുതൽ തെരഞ്ഞെടുപ്പിനെ നേരിടും.
കഴിഞ്ഞവർഷം എൽ.ജെ.പി നേതാവ് രാംവിലാസ് പാസ്വാൻ അന്തരിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. മകൻ ചിരാഗ് പാസ്വാനും രാംവിലാസിന്‍റെ സഹോദരൻ പശുപതി പരസും പാർട്ടിയുടെ ഔദ്യോഗിക നേതൃത്വം വേണമെന്ന ആവശ്യവുമായി തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കുകയായിരുന്നു.
തുടർന്ന് ഒക്ടോബർ 30ന് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കേ ഇരുകൂട്ടരും ഒൗദ്യോഗിക ചിഹ്നത്തിന്റെ പേരിൽ തർക്കമുണ്ടാക്കുകയും ചെയ്തു. ഇതോടെയാണ് രണ്ടുകൂട്ടർക്കും പുതിയ പേര് നൽകുകയും ചിഹ്നം അനുവദിക്കുകയും ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.