പ്ലാസ്റ്റിക് കൊണ്ട് മാത്രം വീടോ! അത്ഭുതപ്പെടേണ്ട. അങ്ങിനെയൊരു വീടുണ്ട് കർണാടകയിൽ. റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക് മാത്രം ഉപയോഗിച്ചാണ് ഈ പരിസ്ഥിതി സൗഹൃദ വീട് നിർമിച്ചിരിക്കുന്നത്. 1,500 കിലോ പ്ലാസ്റ്റിക് ആണ് ഈ വീട് നിർമിക്കാനായി ഉപയോഗിച്ചത്. 10 ദിവസം കൊണ്ട് നിർമാണം പൂർത്തിയാകുകയും ചെയ്തു.
കർണാടകയിലെ പ്ലാസ്റ്റിക് ഫോർ ചേഞ്ച് ഇന്ത്യാ ഫൗണ്ടേഷൻ എന്ന എൻ.ജി.ഒയാണ് മംഗലാപുരത്ത് പച്ചനഡി എന്ന സ്ഥലത്ത് വീട് നിർമിച്ചത്. 350 ചതുരശ്രയടി വിസ്തീർണമുള്ള വീടിന് നാലര ലക്ഷം രൂപയാണ് ചെലവായത്. കുറഞ്ഞ ബജറ്റിൽ രണ്ട് വർഷം കൊണ്ട് ഇത്തരം 100 വീടുകൾ നിർമിച്ച് നൽകാനാണ് പദ്ധതിയെന്ന് പ്ലാസ്റ്റിക് ഫോർ ചേഞ്ച് ഇന്ത്യാ ഫൗണ്ടേഷൻ ചീഫ് ഇംപാക്ട് ഓഫിസർ ഷിഫ്ര ജേക്കബ്സ് പറഞ്ഞു. ചെലവ് മൂന്നര ലക്ഷമാക്കി ചുരുക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നുണ്ട്.
ഫൗണ്ടേഷനു വേണ്ടി സിമൻറും മേൽക്കൂരയിൽ സ്റ്റീലും ഉപയോഗിച്ചിട്ടുണ്ട്. ഭിത്തി നിർമിച്ചിരിക്കുന്നതും മേൽക്കൂര പാകിയിരിക്കുന്നതും പൂർണമായും പ്ലാസ്റ്റിക് ഉപയോഗിച്ചാണ്. കിടപ്പുമുറിക്ക് പുറമേ ലിവിങ് റൂം, സ്റ്റോറേജ് റൂം, ബാത്റൂം എന്നിവയെല്ലാം ഈ വീട്ടിലുണ്ട്.
ചെലവ് കുറവാണെന്ന് മാത്രമല്ല പരിസ്ഥിതിക്ക് യാതൊരു കോട്ടവും വരുത്താതെയാണ് ഈ വീടിന്റെ നിർമാണം. സംസ്കരിച്ച പ്ലാസ്റ്റിക് വേസ്റ്റ് കൊണ്ട് തയ്യാറാക്കിയ 60 പാനലുകളാണ് വീടിനായി ഉപയോഗിച്ചത്. ഓരോ പാനലും 25 കിലോ പ്ലാസ്റ്റിക് കൊണ്ടാണ് തയ്യാറാക്കിയത്. വീട് പണിയാൻ ഉള്ള സാധനങ്ങളുടെ ഉറപ്പും ഗുണമേന്മയും പരീക്ഷിച്ചറിഞ്ഞശേഷമാണ് ഉപയോഗിച്ചിരിക്കുന്നത്.
"കാലാവസ്ഥാമാറ്റത്തിനും പരിസ്ഥിതി മലിനീകരണത്തിനും കാരണമാകുന്ന പ്രധാന വില്ലനാണ് പ്ലാസ്റ്റിക്. എത്ര നിരോധിച്ചാലും പലവഴികളിലൂടെ അത് നമ്മുടെ ജീവിതത്തിലേക്ക് എത്തും. പ്ലാസ്റ്റിക് ഉപയോഗം കുറക്കാനും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശരിയായി സംസ്ക്കരിക്കാനും നിരവധി വഴികളുണ്ട്. അത്തരം ചിന്തയിൽ നിന്നാണ് റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക് കൊണ്ട് പരിസ്ഥിതി സൗഹൃദ വീട് എന്ന പദ്ധതിയിലെത്തുന്നത്"- ഷിഫ്ര പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.