ഇന്ത്യ ഹിന്ദുരാഷ്ട്രമല്ലെന്ന് ലോക്സഭ തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു -അമർത്യാസെൻ

ന്യൂഡൽഹി: ഇന്ത്യ ഹിന്ദുരാഷ്ട്രമല്ലെന്ന് ലോക്സഭ തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചുവെന്ന് നൊബേൽ സമ്മാന ​ജേതാവ് അമർത്യാസെൻ. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുക എന്ന ആശയം ഉചിതമാണെന്ന് താൻ കരുതുന്നില്ല. ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമല്ലെന്ന് ലോക്സഭ തെരഞ്ഞെടുപ്പ് ഫലങ്ങൾ തെളിയിച്ചുവെന്ന് അമർത്യാസെൻ പറഞ്ഞു. പി.ടി.ഐയോട് സംസാരിക്കുമ്പോഴായിരുന്നു നൊബേൽ സമ്മാന ജേതാവിന്റെ പ്രതികരണം.

ഒരുപാട് പണം ചെലവഴിച്ച് രാമക്ഷേത്രം നിർമിച്ചത് ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമായി ചിത്രീകരിക്കാൻ വേണ്ടിയായിരുന്നു. പക്ഷേ അത് മഹാത്മഗാന്ധിയുടേയും രവീന്ദ്രനാഥ ടാഗോറി​ന്റേയും സുഭാഷ് ചന്ദ്രബോസിന്റേയും രാജ്യത്ത് നടക്കില്ല. ഇന്ത്യയുടെ യഥാർഥ സത്വത്തെ മാറ്റാനുള്ള ശ്രമങ്ങ​ളെയെല്ലാം രാജ്യം ചെറുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മതേതര ഭരണഘടനയുള്ള ഒരു മതേതര രാഷ്ട്രമാണ് ഇന്ത്യയെന്നും അമർത്യാസെൻ പറഞ്ഞു. ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും നമ്മൾ മാറ്റം പ്രതീക്ഷിക്കും. കഴിഞ്ഞ തവണത്തെ ബി.ജെ.പി സർക്കാർ വിചാരണപോലും ഇല്ലാതെയാണ് നിരവധി പേരെ തടവിലിട്ടത്. ബി.ജെ.പി സർക്കാറിന്റെ കാലത്ത് പാവപ്പെട്ടവരും പണക്കാരും തമ്മിലുള്ള അന്തരം വർധിച്ചു. അത് ഇല്ലാതാക്കണമെന്നും അമർത്യാസെൻ ആവശ്യപ്പെട്ടു.

ബ്രിട്ടീഷ് ഭരണകാലത്ത് തന്റെ ഒരുപാട് ബന്ധുക്കളെ വിചാരണപോലുമില്ലാതെ തടവിലിട്ടത് ഓർമയുണ്ട്. നമുക്ക് ഇതിൽ നിൽ നിന്നെല്ലാം സ്വാതന്ത്ര്യം കിട്ടുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ, കോൺഗ്രസിന് പോലും ഇത് തടയാൻ സാധിച്ചില്ല. എന്നാൽ, ഇപ്പോഴത്തെ സർക്കാറിന് കീഴിൽ വിചാരണയില്ലാത്ത തടവുകൾ കൂടുതൽ വർധിക്കുകയാണ് ചെയ്തതെന്നും അമർത്യാസെൻ ആരോപിച്ചു.

നേരത്തെയുണ്ടായിരുന്ന മന്ത്രിസഭയുടെ കോപ്പി​യാണ് ഇപ്പോഴത്തേത്. പ്രധാന വകുപ്പുകളുടെ ചുമതലയിൽ മാറ്റം വന്നിട്ടില്ല. ചെറിയ മാറ്റങ്ങൾ മാത്രമാണ് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2024 ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പിക്ക് അധികാരം നിലനിർത്തുവാൻ സാധിച്ചുവെങ്കിലും ​ഒറ്റക്ക് കേവലഭൂരിപക്ഷം മറികടക്കാനായിരുന്നില്ല. 232 സീറ്റുകൾ നേടി പ്രതിപക്ഷ സഖ്യം വലിയ മുന്നേറ്റം നടത്തുകയും ചെയ്തു. ഒരു പതിറ്റാണ്ടിന് ശേഷം ലോക്സഭയിൽ പ്രതിപക്ഷ നേതാവ് എത്തുകയും ചെയ്തു.

Tags:    
News Summary - Economist Amartya Sen says Lok Sabha results showed India not a Hindu Rashtra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.