ന്യൂഡൽഹി: ഡൽഹി മദ്യനയ കേസിൽ ജയിലിൽ കഴിയുന്ന ആം ആദ്മി പാർട്ടി നേതാവ് മനീഷ് സിസോദിയയുടെയും ഭാര്യയുടേതുമുൾപ്പെടെ 52 കോടിയിലധികം രൂപയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. വ്യവസായികളായ അമൻദീപ് സിംഗ് ധാൽ, ഗൗതം മൽഹോത്ര, രാജേഷ് ജോഷി തുടങ്ങിയവരുടെ സ്വത്തുക്കളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.
സിസോദിയയുടെയും ഭാര്യ സീമയുടെ ബാങ്ക് അക്കൗണ്ടുകളിലെ 11 ലക്ഷം രൂപയും കണ്ടുകെട്ടിയതായി ഇ.ഡി അറിയിച്ചു. സിസോദിയയുമായി അടുത്ത ബന്ധമുള്ള ഡൽഹി വ്യവസായി ദിനേശ് അറോറയെ അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഇ.ഡിയുടെ നടപടി.
സി.ബി.ഐ, ഇ.ഡി കേസുകളിൽ ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചിരിക്കവെയുള്ള ഇ.ഡിയുടെ നീക്കം സിസോദിയക്ക് ഇരുട്ടടിയായി.
മനീഷ് സിസോദിയയുടെ 11.49 ലക്ഷം രൂപയുടെ ബാങ്ക് ബാലൻസും ബ്രിൻഡ്‌കോ സെയിൽസ് പ്രൈവറ്റ് ലിമിറ്റഡും ഉൾപ്പെടെ 44.29 കോടി രൂപയുടെ ജംഗമ ആസ്തികളും പിടിച്ചടുത്തവയിൽ ഉൾപ്പെടുന്നു.
മനീഷ് സിസോദിയയുടെ ഭാര്യ സീമ സിസോദിയയുടെയും മറ്റൊരു പ്രതിയായ രാജേഷ് ജോഷിയുടെ (ഡയറക്ടർ) 7.29 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ കണ്ടുകെട്ടാൻ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം താൽക്കാലിക ഉത്തരവ് പുറപ്പെടുവിച്ചതായി ഇ.ഡി അറിയിച്ചു.
മദ്യനയ കേസിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ മാർച്ച് 9 നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.