മുംബൈ: കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്ന പി.എം.എൽ.എ നിയമപ്രകാരം ശിവസേന വക്താവ് സഞ്ജയ് റാവുത്തിന്റെ ഭാര്യയുടേതടക്കം മൂന്നുപേരുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി ) കണ്ടുകെട്ടി. റാവുത്തിന്റെ ഭാര്യ വർഷ റാവുത്ത്, റാവുത്തിന്റെ ബന്ധുവായ വ്യവസായി പ്രവീൺ റാവുത്ത്, സ്വപ്ന പട്കർ എന്നിവരുടെ 11.15 കോടി മൂല്യമുള്ള സ്വത്തുക്കളാണ് ഇ.ഡി കണ്ടുകെട്ടിയത്.
വർഷ റാവുത്തിന്റെ ദാദറിലെ ഫ്ലാറ്റ്, സ്വപ്ന പട്കറുമായി പങ്കാളിത്തമുള്ള അലിബാഗിലെ ഭൂമി, പ്രവീൺ റാവുത്തിന്റെ ഭൂമി എന്നിവയാണ് കണ്ടുകെട്ടിയത്. മുംബൈയിലെ പട്രാ ചാൽ പുനർനിർമാണവുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിലാണ് നടപടി. കേസിൽ പ്രവീൺ റാവുത്ത് അറസ്റ്റിലാണ്. പട്ര ചാൽ പുനർനിർമാണം നടത്താനേറ്റ കെട്ടിട നിർമാണക്കമ്പനിയായ എച്ച്. ഡി.ഐ.എല്ലിൽ നിന്ന് പ്രവീൺ റാവുത്തിന്റെ ഗുരു ആഷിശ് കൺസ്ട്രക്ഷൻ കമ്പനി 100 കോടി രൂപ കൈപ്പറ്റിയതായി നേരത്തെ ഇ.ഡി കണ്ടെത്തിയിരുന്നു.
ഈ പണം സഞ്ജയ് റാവുത്തിന്റെ കുടുംബാംഗങ്ങളുടെയും ചെറുകിട വ്യവസായ സ്ഥാപനങ്ങളുടെയും അക്കൗണ്ടുകളിലേക്ക് തിരിച്ചുവിട്ടതായി ഇ.ഡി ആരോപിച്ചു.
അതേസമയം, മഹാരാഷ്ട്രയിലെ ശിവസേന സഖ്യ എം.വി.എ സർക്കാറിനെ അട്ടിമറിക്കാൻ ബി.ജെ.പി നേതാക്കൾ തന്റെ സഹായം തേടിയെന്നും നിരസിച്ചതോടെ കനത്ത വില നൽകേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകിയതായും റാവുത്ത് നേരത്തെ ആരോപിച്ചിരുന്നു. താനുമായി ബന്ധമുള്ളവരെ ഭീഷണിപ്പെടുത്തി ഇ.ഡി തനിക്കെതിരെ മൊഴി വാങ്ങിയതായും റാവുത്ത് ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.