ന്യൂഡൽഹി: ഒരു മാസം നീണ്ട റമദാൻ വ്രതാനുഷ്ഠാനത്തിന് വിരാമമിട്ട് രാജ്യത്തെ മുസ്ലിംകൾ ചെറിയ പെരുന്നാൾ ആഘോഷിച്ചു. കോവിഡ് വ്യാപനത്തെ തുടർന്ന് രണ്ടു വർഷമായി ആഘോഷങ്ങൾ വീടുകളിൽ ഒതുങ്ങിയ സാഹചര്യമായിരുന്നു. കോവിഡ് വ്യാപനം കുറഞ്ഞതാണ് വിശ്വാസികൾക്ക് ഇത്തവണ വലിയ ആശ്വാസമായത്. ഈദ്ഗാഹുകളും പള്ളികളും പെരുന്നാൾ ദിനത്തിൽ പ്രാർഥനകളാൽ മുഖരിതമായിരുന്നു. പുതുവസ്ത്രങ്ങൾ ധരിച്ച് കുടുംബസമേതം ഈദുഗാഹുകളിലേക്ക് വിശ്വാസികൾ പ്രവഹിച്ചു.
രാമനവമി ആഘോഷ വരവിനിടെയുണ്ടായ കല്ലേറിനെ തുടർന്ന് സംഘർഷമുണ്ടായ മധ്യപ്രദേശിലെ ഖർഗോൻ നഗരങ്ങളിൽ പെരുന്നാൾ, അക്ഷയ തൃതീയ ആഘോഷങ്ങൾ വീടുകളിലൊതുങ്ങി. ജില്ല ഭരണകൂടം മേയ് രണ്ട്, മൂന്ന് തീയതികളിൽ പ്രഖ്യാപിച്ച കർഫ്യൂ പിൻവലിക്കാഞ്ഞതാണ് തിരിച്ചടിയായത്. തിങ്കളാഴ്ച അൽപസമയത്തേക്ക് കർഫ്യൂവിൽ ഇളവ് നൽകിയെങ്കിലും കർശന നിയന്ത്രണം തുടരാനായിരുന്നു ഭരണകൂടം തീരുമാനം. ജമ്മുവിലെ അന്താരാഷ്ട്ര അതിർത്തി ചെക്ക്പോസ്റ്റുകളിൽ ഇന്ത്യയുടെയും പാകിസ്താന്റെയും സുരക്ഷ ഉദ്യോഗസ്ഥർ പെരുന്നാൾ ദിനത്തിൽ പരസ്പരം മധുരം കൈമാറി. സാംപ, കത്വ, ആർ.എസ്. പുര, അഖ്നൂർ ഔട്ട്പോസ്റ്റുകളിലാണ് മധുര വിതരണം നടത്തിയത്.
കശ്മീരിൽ മഴ ഭീഷണി ഉയർത്തിയെങ്കിലും ആഘോഷങ്ങളുടെ മാറ്റ് ഒട്ടും കുറഞ്ഞില്ല. രാവിലെ വിശ്വാസികൾ പതിവുപോലെ ഈദ്ഗാഹുകളിൽ ഒത്തുചേർന്ന് പെരുന്നാൾ നമസ്കാരം നിർവഹിച്ചു. അതേസമയം, ജില്ല ഭരണകൂടം നിർദേശിച്ച നിയന്ത്രണങ്ങൾ അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി ജാമിയ മസ്ജിദ് ഭാരവാഹികൾ പെരുന്നാൾ നമസ്കാരം പള്ളിയിൽ വേണ്ടെന്നു വെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.