ഷിംല: ഹിമാചൽ പ്രദേശിലെ കുളു ജില്ലയിൽ ഇന്നുണ്ടായ കനത്തമഴയെ തുടർന്ന് എട്ട് കെട്ടിടങ്ങൾ തകർന്നു. താമസക്കാരില്ലാത്തതിനാൽ ആളപായമൊന്നും ഉണ്ടായില്ല. കടകൾ, ബാങ്കുകൾ, മറ്റ് വാണിജ്യ സ്ഥാപനങ്ങൾ എന്നിവയുള്ള കെട്ടിടങ്ങൾക്ക് നാലഞ്ച് ദിവസം മുമ്പ് വിള്ളലുകൾ സംഭവിച്ചതായി സ്ഥലത്തുണ്ടായിരുന്ന സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ആനി നരേഷ് വർമ പറഞ്ഞു. കെട്ടിടങ്ങൾ സുരക്ഷിതമല്ലെന്ന് പ്രഖ്യാപിച്ച് അടുത്തിടെ ഒഴിപ്പിച്ചിരുന്നു.
നാശനഷ്ടങ്ങൾ വിലയിരുത്തി വരികയാണെന്നും മുൻകരുതൽ നടപടിയായി ആനിയിലെ എൻ.എച്ച് -305 ന് സമീപമുള്ള സുരക്ഷിതമല്ലാത്ത കെട്ടിടങ്ങളും ഒഴിപ്പിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. അതേസമയം ഹിമാചലിന്റെ പല ഭാഗങ്ങളിലും മഴ തുടരുകയാണ്. ബുധനാഴ്ച വൈകുന്നേരം മുതൽ പാലമ്പൂരിൽ 137 മില്ലിമീറ്റർ മഴ പെയ്തപ്പോൾ നഹനിൽ 93 മില്ലീമീറ്ററും ഷിംലയിൽ 79 മില്ലീമീറ്ററും ധർമ്മശാലയിൽ 70 മില്ലീമീറ്ററും മാണ്ഡിയിൽ 57 മില്ലീമീറ്ററും മഴ ലഭിച്ചു.
സംസ്ഥാനത്ത് 709 റോഡുകളാണ് മഴയെ തുടർന്ന് അടച്ചത്. ഈ മൺസൂണിൽ ഹിമാചൽ പ്രദേശിൽ കനത്ത മഴയാണ് ലഭിച്ചത്. തകർന്ന റോഡുകളും മറ്റും പുനഃസ്ഥാപിക്കുന്നതിനായി 165.22 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.